ജിദ്ദ: ഹജ്ജ് സീസണിൽ മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യസ്ഥാപനങ്ങൾ തീർഥാടകർക്ക് സേവനം നൽകുന്നതിന് സജ്ജമായതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പതിവുപോലെ ഇത്തവണയും ആരോഗ്യസേവനത്തിന് വിപുല സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 14 വ്യോമ, കര, കടൽ കവാടങ്ങളിൽ തീർഥാടകർക്ക് ആരോഗ്യസേവനങ്ങൾ നൽകാനുള്ള എല്ലാ തയാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. ആശുപത്രികളുടെ എണ്ണം 32 ആയി ഉയർന്നിട്ടുണ്ട്. 140 ആരോഗ്യകേന്ദ്രങ്ങളുമുണ്ട്. കൂടാതെ, ഫീൽഡ് ആശുപത്രികളും ഒരുക്കിയതിലുൾപ്പെടും. കിടക്കകളുടെ എണ്ണം 6132 ആയി വർധിപ്പിച്ചിട്ടുണ്ട്.
തീവ്രപരിചരണത്തിന് അനുവദിച്ച കിടക്കകളുടെ എണ്ണം 761 ആണ്. സൂര്യാഘാത ചികിത്സക്കുള്ള കിടക്കകളുടെ എണ്ണം 222 ആക്കിയിട്ടുണ്ട്. ഈവർഷവും വെർച്വൽ ആശുപത്രിയുണ്ടാകും. കഴിഞ്ഞ ഹജ്ജ് സീസണിലെ വെർച്വൽ ആശുപത്രിയുടെ സേവനങ്ങളുടെ വിജയവും മികവും കണക്കിലെടുത്താണ് ഇത്തവണയും വെർച്വൽ ആശുപത്രി ഒരുക്കുന്നത്. പുണ്യ സ്ഥലങ്ങളിലും മദീനയിലും നിരവധി വെർച്വൽ ക്ലിനിക്കുകളുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
തീർഥാടകരെ സേവിക്കാൻ നിയോഗിച്ച ആരോഗ്യ ഉദ്യോഗസ്ഥരുടെ എണ്ണം 32000ത്തിലധികം വരും. മശാഇർ, അൽഹറമൈൻ ട്രെയിനുകളിലും മെഡിക്കൽ പോയൻറുകൾ പ്രവർത്തിപ്പിക്കും. മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങൾക്കിടയിലെ കാൽനടക്കാർക്ക് ചികിത്സ നൽകാൻ മൊബൈൽ മെഡിക്കൽ വാഹനങ്ങളുണ്ടാകും. മിനയിലെ ജംറാത്ത് പാലത്തിൽ 190 ആംബുലൻസുകളും 16 അടിയന്തര ആരോഗ്യ സേവന കേന്ദ്രങ്ങളും സേവനത്തിനുണ്ടാകും. മക്കയിലെ ഹറമിനടുത്ത് സ്ഥലങ്ങളും ആരോഗ്യ സേവനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.