റിയാദ്: റിയാദിൽ അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധ കേസുകളുടെ എണ്ണം 75 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 69 പൗരന്മാരും ആറ് താമസക്കാരും ഇതിലുൾപ്പെടും. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയുടെ പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. 43 കേസുകൾ സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. 11 പേർ ആശുപത്രിയിലാണ്. 20 പേർ തീവ്രപരിചരണത്തിലും. ഒരാൾ മരണപ്പെട്ടു. ഭക്ഷ്യവിഷബാധ കേസുകൾ ഒരൊറ്റ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ സംയോജിത ശ്രമങ്ങളാണ് ഭക്ഷ്യവിഷബാധ നിയന്ത്രിക്കാനായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേസുകളുടെ തുടർനടപടികളും ആരോഗ്യപരിരക്ഷയും തുടരുന്നു. എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കഴിഞ്ഞയാഴ്ച റിയാദ് നഗരത്തിൽ ഭക്ഷ്യവിഷബാധയുണ്ടായതിനു കാരണമായ ഭക്ഷണശാലയെ റിയാദ് മുനിസിപ്പാലിറ്റിക്കു കീഴിലെ ഭക്ഷ്യവിഷബാധ സംഭവങ്ങൾക്കായുള്ള എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. രോഗികളുടെ റിപ്പോർട്ടുകളുടെയും പ്രത്യേക അന്വേഷണങ്ങളുടെയും ഫലങ്ങൾ പൂർത്തിയാകുന്നതോടെ അവർക്കെതിരെയുള്ള സാമ്പത്തിക പിഴകൾ നിർണയിക്കുമെന്നും കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.