ജുബൈൽ : ഒരിക്കലും വായിച്ചോ പഠിച്ചോ തീർക്കാൻ കഴിയാത്ത അതിവിശിഷ്ട ഗ്രന്ഥമാണ് മഹാത്മാഗാന്ധിയെന്ന് അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ്. ഗാന്ധി ഇന്നൊരു തർക്കവിഷയമല്ല, പഠനവിഷയമാണ്. ഗാന്ധിയുടെ ജീവിതവും ദർശനവും വർത്തമാനകാല സാഹചര്യത്തിന്റെ ഒരു പ്രത്യക്ഷ മാതൃക ആയിക്കൊള്ളണമെന്നില്ല. പക്ഷേ അവ കാലം അനിവാര്യമായി ആവശ്യപ്പെടുന്ന ചൂണ്ടുപലകകളാണ്. ഗാന്ധിയെ വിമർശിക്കുക എളുപ്പമാണ്. പഠിക്കുക, തിരിച്ചറിയുക എന്നത് വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമവുമായി' സംസാരിക്കുകയായിരുന്നു.
ലോകം നേരിടുന്ന ഏറ്റവും വലിയ തിന്മകളായ അനീതിയും ആത്മവഞ്ചനയും സ്വാർത്ഥതയും ഹിംസാത്മകതയും അനുദിനം വർധിക്കുമ്പോൾ ഗാന്ധിയുടെ ധാർമികതയും അഹിംസയും സത്യവും സമന്വയിക്കുന്ന സാമൂഹിക വീക്ഷണങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യം എന്നത് കേവലം അസത്യത്തിന്റെ എതിർവാക്കല്ല, ശുദ്ധീകരിക്കപ്പെട്ട മനഃസാക്ഷിയുടെ അവബോധമാണ്. ധാർമികബോധത്തിലൂടെ മാത്രമേ വ്യക്തിശുദ്ധീകരണം നടക്കുകയുള്ളൂ. ഈ സത്യമാണ് ഗാന്ധിയുടെ ദൈവം. ഇത്തരം ഒരു ധാർമികതയിലേക്ക് സമൂഹത്തെ ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.
യഥാർഥ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ ഗാന്ധിയല്ല. 1893 മുതൽ 1914 വരെയുള്ള ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വർണവിവേചനത്തിനെതിരെയുള്ള സംഘർഷഭരിതവും യാതനാപൂർണവുമായ പോരാട്ടങ്ങൾക്കിടയിലാണ് ഗാന്ധി തന്റെ സത്യാന്വേഷണങ്ങളും സത്യഗ്രഹ സിദ്ധാന്തങ്ങളും ജീവിത ദർശനവും പ്രപഞ്ചവീക്ഷണവും ആശ്രമ പരീക്ഷണങ്ങളും രൂപപ്പെടുത്തിയെടുത്തത്. ബാരിസ്റ്റർ എം.കെ. ഗാന്ധിയിൽ നിന്നും മാഹാത്മാഗാന്ധിയിലേക്കുള്ള പരിണാമ പ്രക്രിയയുടെ സൂക്ഷ്മാംശങ്ങൾ പഠനവിധേയമാക്കുമ്പോൾ മാത്രമേ യഥാർഥ ഗാന്ധി ആരാണെന്നത് മനസ്സിലാവുകയുള്ളൂ. ഗാന്ധി മനുഷ്യവംശത്തിന്റെ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച മനുഷ്യനാണ്. ജനങ്ങളുടെ കൂടെ താമസിച്ചു, ചന്തകളിലും കവലകളിലും എന്നു വേണ്ട ജനങ്ങൾ കൂടുന്നിടത്തൊക്കെ അവരുമായി സഹവസിച്ചു. അവർക്കിടയിൽനിന്നും സത്യത്തിന്റെ വഴിയിലൂടെ നേടിയെടുത്ത മാനുഷിക ഭാവം. ഇന്ത്യയിലേക്കു വരുന്നതിനു മുൻമ്പേ അദ്ദേഹം ഒരു നിസ്വാർത്ഥ സത്യഗ്രഹിയായിരുന്നു. 1917ലെ ചമ്പാരൻ സത്യഗ്രഹത്തിലൂടെയാണ് ഗാന്ധി ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കു ചുവടുവെച്ചത്. സത്യസന്ധത, മനുഷ്യസേവനം ഇതാണ് അദ്ദേഹത്തിൽകണ്ട ഏറ്റവും സ്വാധീനം ചെലുത്തിയ മാനുഷിക ഭാവം.
1907 ഫെബ്രുവരി 23 നു ഇന്ത്യൻ ഒപ്പീനിയൻ പത്രത്തിൽ ഗാന്ധി എഴുതിയ 'ധാർമിക മതം' എന്ന ലേഖന പരമ്പരയിൽ എട്ടാം ഭാഗത്തിന്റെ ശീർഷകം 'വ്യക്തിഗത ധാർമികത' എന്നായിരുന്നു. അതിൽ അദ്ദേഹം പറയുന്നത് 'മനുഷ്യ ജീവിതത്തിന്റെ പരമമായ ധർമം മാനവരാശിയെ സേവിക്കുക' എന്നതാണ്. അപരന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഓരോ വ്യക്തിയും അവരുടേതായ പങ്കു നിർവഹിക്കുക. അതാണ് യഥാർഥ ദൈവാരാധന, യഥാർത്ഥ പ്രാർഥന. ഇന്ത്യ ഒരു ബഹുമത, ബഹുവംശ, ബഹു ഭാഷാ, ബഹു സംസ്കാര രാജ്യമാണ്. ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. ഗാന്ധി വിശ്വസിച്ചത്, ഒരു രാഷ്ട്രം എന്നത് ഭൂമിശാസ്ത്രപരമായ അതിർത്തി മാത്രമല്ല. ആ അതിർത്തിക്കകത്ത് ജീവിക്കുന്ന മനുഷ്യരുടെ ഐക്യം കൂടിയാണ്. ഒരേ യാഥാർഥ്യത്തിന്റെ രണ്ടു ഘടകങ്ങൾ എന്ന നിലയിൽ തന്നിലും പുറത്തും നടത്തിയ സമരങ്ങളാണ് അല്ലെങ്കിൽ പരീക്ഷണങ്ങളാണ് ഗാന്ധിയുടെ ജീവിതം. ഇവ രണ്ടുംകൂടി ചേരുമ്പോൾ മാത്രമേ ഗാന്ധിയുടെ യഥാർഥ ചിത്രം നമുക്കു ലഭിക്കുകയുള്ളൂ. ഒരു ആയുഷ്കാലം മുഴുവൻ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഏർപ്പെട്ടത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംസ്കരിക്കുക , മാനവീകരിക്കുക എന്ന ഗാന്ധിയുടെ ലക്ഷ്യം നിറവേറ്റാനായിരുന്നു. ഗാന്ധിയെക്കുറിച്ച് അറിയുന്തോറും ഒരിക്കലും വായിച്ചു തീർക്കാൻ കഴിയാത്ത ഒരു വിശിഷ്ട ഗ്രന്ഥമായാണ് നമുക്ക് അനുഭവപ്പെടുക.
പി. ഹരീന്ദ്രനാഥിന്റെ ഏറ്റവും പ്രധാന ഗ്രന്ഥമായ ‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന കൃതി 2016ലെ അഡ്വ.ടി.കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം, ദുബൈ പ്രവാസി ബുക് ട്രസ്റ്റ് പുരസ്കാരം, 2017ലെ കെ.വി.സുരേന്ദ്രനാഥ് പുരസ്കാരം, 2019ലെ തിരുവനന്തപുരം ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠപുരസ്കാരം, 2023ലെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് നാദാപുരം ചാപ്റ്ററിന്റെ സമഗ്രസേവാ പുരസ്കാരം, അബ്ദുള്ള മേപ്പയ്യൂര്‍ സ്മാരക പുരസ്കാരം എന്നിവ കരസ്ഥമാക്കി. 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഏറ്റവും മികച്ച പത്ത് മലയാളം പുസ്തകങ്ങളില്‍ ‘ഇന്ത്യ: ഇരുളും വെളിച്ചവും’നാലാം സ്ഥാനം കരസ്ഥമാക്കി. രണ്ടാമത്തെ ചരിത്രഗ്രന്ഥമായ ‘മഹാത്മാഗാന്ധി: കാലവും കര്‍മപര്‍വവും 1869-1915’ 2023 നവംബര്‍ 5ന് പുറത്തിറങ്ങി. ഈ പുസ്തകം 2023ലെ പി.ആര്.നമ്പ്യാര്‍ പുരസ്കാരത്തിന് അര്‍ഹമായി. വടകര മുതുവടത്തൂര്‍, പുറമേരി, ‘അരങ്ങ്’ വീട്ടിൽ അപ്പുണ്ണി നമ്പ്യാരുടെയും പി. മീനാക്ഷിയുടെയും മകനാണ്. ഭാര്യ: പത്മജ. മക്കള്‍: കാര്‍ത്തിക, ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.