ജിദ്ദ: മധ്യേഷ്യൻ രാജ്യങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ മൂർത്തിഭാവമാണ് ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ബുധനാഴ്ച വൈകീട്ട് ജിദ്ദയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിെൻറയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിനുവേണ്ടി നിങ്ങളുടെ രണ്ടാമത്തെ രാജ്യത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സമ്മേളനത്തിലെത്തിയ വിവിധ രാജ്യപ്രതിനിധികളോട് അദ്ദേഹം പറഞ്ഞു.
അറബ് ഗൾഫ് സഹകരണ കൗൺസിലിന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ആദ്യത്തെ ഉച്ചകോടിയാണിത്. പൗരാണികവും ചരിത്രപരവുമായ സൗഹൃദങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യങ്ങൾക്ക് നന്മകളുണ്ടാകാനും ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഈ ബന്ധത്തിെൻറ വിപുലീകരണമായാണ് ഉച്ചകോടി. കഴിവുകൾ, മനുഷ്യവിഭവശേഷി, സാമ്പത്തിക വളർച്ച എന്നിവ നമ്മുടെ രാജ്യങ്ങളുടെ ജി.ഡി.പി ഏകദേശം 2.3 ലക്ഷംകോടി ഡോളറിലെത്തുന്നതിന് സംഭാവന നൽകിയിട്ടുണ്ട്. എല്ലാ മേഖലകളിലും സംയുക്ത സഹകരണത്തിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണം. ഊർജ സുരക്ഷയെയും ആഗോള ഭക്ഷ്യവിതരണ ശൃംഖലയെയും ബാധിക്കുന്ന എല്ലാത്തിനെയും നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിെൻറ ആവശ്യകത വലുതാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ഗൾഫ് രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത കർമപദ്ധതിയെ കിരീടാവകാശി ആശീർവദിച്ചു.
റിയാദിൽ ‘വേൾഡ് എക്‌സ്‌പോ 2030’ന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് മധ്യേഷ്യൻ രാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയെ കിരീടാവകാശി പ്രശംസിച്ചു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ്, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് എന്നിവർ സൗദി ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങളായി ഉച്ചകോടിയിൽ പെങ്കടുത്തു.
പങ്കെടുത്തത് 11 രാജ്യങ്ങൾ
ഗൾഫ് സഹകരണ കൗൺസിലിലെ ആറ് അംഗ രാജ്യങ്ങൾക്ക് പുറമെ കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങൾ കൂടിയാണ് ഉച്ചകോടിയിൽ പെങ്കടുത്തത്. വിവിധ രംഗങ്ങളിലെ സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ ഈ ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച വൈകീട്ട് മുതലാണ് മധ്യേഷ്യൻ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി രാഷ്ട്ര നേതാക്കളും എത്തിയത്. താജിക്കിസ്ഥാൻ പ്രസിഡൻറ് ഇമാ അലി റഹ്‌മാൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡൻറ് ഷൗവ്കത് മിർസിയോവ്, കിർഗിസ്ഥാൻ പ്രസിഡൻറ് സാദിർ ജാപറോവ്, കസാക്കിസ്ഥാൻ പ്രസിഡൻറ് കാസിം ജോമാർട്ട് ടോകയേവ്, തുർക്കുമാനിസ്ഥാൻ പ്രസിഡൻറ് സർദാർ ബെർഡി മുഖമെഡോവ്, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് കോഒാപറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രിയും ഒമാൻ സുൽത്താെ പ്രത്യേക പ്രതിനിധിയുമായ അസദ് ബിൻ താരിഖ് അൽ സെയ്ദ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബർ അൽസബാഹ്, ബഹ്റൈൻ രാജാവിെൻറ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫ, യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ചരിത്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് ജി.സി.സി, മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ നന്ദി പറഞ്ഞു. അടുത്ത ഉച്ചകോടി ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ 2025 ൽ നടത്താൻ തീരുമാനിച്ചാണ് സമ്മേളനം പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.