ജിദ്ദ: പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്.
ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് നിർവഹിക്കുന്നത്.
1.2 കോടി റിയാലിൽ ഏറെ സമ്മാനങ്ങൾ മത്സര വിജയികൾക്കായി നീക്കിവച്ചിട്ടുണ്ട്. മത്സരത്തിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച (ജനുവരി നാല്) മുതൽ പരിപാടി https://otrelkalam.com വെബ്സൈറ്റ് വഴി ലഭ്യമാണെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം. വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷനിലൂടെയാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. മത്സരാർഥികൾ ആദ്യം ഖുർആൻ പാരായണം, ബാങ്കുവിളി എന്നിവ റെക്കോർഡ് ചെയ്ത് ഓഡിയോ ക്ലിപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ജഡ്ജിങ് കമ്മിറ്റികളുടെ മൂല്യനിർണയത്തിനായി ഇതിൽ തെരഞ്ഞെടുക്കുന്നവരെ രണ്ടാംഘട്ടത്തിലേക്ക് മാറ്റും. മൂന്നാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കാൻ രണ്ടാംഘട്ടത്തിൽ പുതിയൊരു ഓഡിയോ ക്ലിപ്പ് റെക്കാർഡ് ചെയ്യണം.
മൂന്നാംഘട്ടത്തിലെ മികച്ച മത്സരാർഥികളെയാണ് നാലാംഘട്ടത്തിലേക്ക് നാമനിർദേശം ചെയ്യുക. മത്സരഘട്ടങ്ങൾക്ക് അനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. നാലാംഘട്ടത്തിലാണ് അവസാന റൗണ്ട് മത്സരം നടക്കുക. അവസാന റൗണ്ട് മത്സരങ്ങൾ എം.ബി.സി വഴിയും ‘ശാഹിദ്’ ആപ്ലിക്കേഷൻ വഴിയും റമദാൻ മാസത്തിൽ കാണിക്കും. മത്സരത്തിന്റെ ആദ്യപതിപ്പിന്റെ തുടക്കം മുതൽ ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ മത്സരാർഥികൾക്കും പങ്കെടുക്കാൻ അതോറിറ്റി അവസരം നൽകിയിട്ടുണ്ട്. 80 രാജ്യങ്ങളിൽ നിന്നുള്ള 40,000ത്തിലധികം മത്സരാർഥികൾ ആദ്യ പതിപ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ഓൺലൈൻ വഴി മത്സര വെബ്സൈറ്റിലൂടെ ലളിതവും എളുപ്പവുമായ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ അതോറിറ്റി ഒരുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.