ജിദ്ദ: അനധികൃതമായി നാട്ടിലേക്ക് സ്വർണം കടത്തി നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടും പ്രവാസികൾക്കിടയിൽ സ്വർണക്കടത്ത് സംഘം സജീവമാകുന്നത് ആശങ്ക ഉയർത്തുകയാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രവാസി സംഘടനകൾ സജീവമായി ഇടപെടണം.
കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികളാണ് ഇത്തരം മാഫിയകളുടെ ചതിയിൽപെടുന്നത്. ടിക്കറ്റ്, പണം എന്നിവ വാഗ്ദാനംചെയ്താണ് സ്വർണക്കടത്ത് സംഘം കാരിയർമാരെ വലവീശിപ്പിടിക്കുന്നത്. ഇവരുടെ വലയിൽപെടുന്ന പലർക്കും ജീവൻവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട് എന്നത് ഏറെ ഗൗരവമുള്ളതാണ്.
അനധികൃത മാർഗത്തിൽ സ്വർണം കടത്തുന്നവരുടെ ചതിയിൽപെടരുതെന്ന് സാമൂഹികപ്രവർത്തകർ പ്രവാസികളെ ഓർമപ്പെടുത്തുന്നുണ്ടെങ്കിലും ഇത് കാര്യമായി ചെവിക്കൊള്ളുന്നില്ല. ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾക്ക് കാര്യമായ ഇടപെടലുകൾ ഉണ്ടാക്കാൻ സാധിക്കും.
വിവിധ മുഖ്യധാര പ്രവാസിസംഘടനകൾ ഇക്കാര്യത്തിൽ സജീവമായി ഇടപെടണമെന്നും സ്വർണക്കടത്ത് ഉൾപ്പെടെ അനധികൃത മാർഗത്തിലൂടെ പണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് മുഴുവൻ പ്രവാസികളും വിട്ടുനിൽക്കണമെന്നും മാതൃരാജ്യത്തിന്റെയും ജോലി ചെയ്യുന്ന രാജ്യത്തിന്റെയും നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ, ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.