ദമ്മാം: ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം ആംഫി തിയറ്ററിൽ സംഘടിപ്പിച്ച ഒരുമയുടെ മഹോത്സവം 'ഹാർമോണിയസ് കേരള' യിൽ പങ്കെടുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കടുത്ത തണുപ്പിനെ അവഗണിച്ചും വൈകീട്ട് മൂന്നുമുതൽ തിയറ്ററിന്റെ ഭാഗത്തേക്കു ദമ്മാം, അൽഖോബാർ, ജുബൈൽ, അൽ അഹ്സ, ഖഫ്ജി എന്നിവിടങ്ങളിൽനിന്ന് ഒറ്റക്കും കൂട്ടായും പ്രേക്ഷകർ എത്തിച്ചേർന്നു.
കിഴക്കൻ പ്രവിശ്യയിലെ മലയാളികൾ ഒരുമാസത്തിലേറെയായി കാത്തിരിക്കുന്ന പരിപാടിക്ക് നേരത്തേയെത്തി തിയറ്ററിന്റെ മധ്യഭാഗത്തേക്ക് പ്രവേശിച്ചു. പ്രൗഢഗംഭീരമായ സദസ്സ് ആറു മണി ആയപ്പോഴേക്കും നിറഞ്ഞു. കോബ്ര പാർക്കിൽ മറ്റൊരു പരിപാടി നടക്കുന്നതിനാൽ വാഹനം വേദിക്ക് സമീപം എത്താൻ അൽപ്പം പ്രയാസം നേരിട്ടപ്പോൾ എത്തിയ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത വേദിയിലേക്ക് എത്തുകയായിരുന്നു.
സമൂഹം സംസ്കാരികവും കലയും വിനോദവും തമാശയും ഒരുപോലെ സംഗമിച്ച സദസ്സിനു ചുറ്റും അർധവൃത്താകൃതിയിൽ അയ്യായിരത്തോളം പ്രേക്ഷകർ ഏഴുമണിയാവുന്നതും കാത്ത് ക്ഷമയോടെ കാത്തിരുന്നു. ഏഴു മണിയായപ്പോഴേക്കും ഹാർമോണിയസ് കേരളയുടെ അവതാരകൻ മിഥുൻ വേദിയിലെത്തി.
സൗദി- ഇന്ത്യൻ ദേശീയ ഗാനത്തോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന് പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ 'കിഴക്കൊരുക്കം' പ്രത്യേക പതിപ്പ് പുറത്തിറക്കി. പിന്നീട് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരന്മാരെ സദസ്സിനു പരിചയപ്പെടുത്തി.
പ്രേക്ഷകരുടെ പ്രിയങ്കരിയായ സിതാര കൃഷ്കുമാർ വേദിയിലെത്തി സദസ്സിനെ അഭിസംബോധന ചെയ്തു. മാധ്യമത്തിന്റെ ഏതു പരിപാടിക്കും താനുണ്ടെന്നും ഏറ്റവും സന്തോഷവും സമാധാനവും ആസ്വാദ്യകരവുമാണ് മാധ്യമത്തിന്റെ ഏത് പരിപാടിയെന്നും മാധ്യമം കുടുംബത്തിലെ ഒരംഗം പോലെയാണ് താനിപ്പോഴെന്നും സിതാര പറഞ്ഞു.
'യേനുണ്ടോടീ അമ്പിളിച്ചന്തം യേനുണ്ടോടീ താമരച്ചന്തം യേനുണ്ടോടീ മാരിവിൽച്ചന്തം യേനുണ്ടോടീ മാമഴച്ചന്തം കമ്മലിട്ടോ, പൊട്ടുതൊട്ടോ എന്ന ഗാനം ആലപിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി'.
തുടർന്ന് സിതാരയുടെ എക്കാലത്തെയും ഹിറ്റ് ഗാനം ' ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ!' -എന്ന് തുടങ്ങുന്ന മനോഹരമായ ഗാനവും 'വാചാലം എൻമൗനവും നിൻമൗനവും എന്ന ഗാനങ്ങൾ ആലപിച്ചു. പ്രേക്ഷകർക്ക് ഇടയിൽ നിന്ന് ശ്രീരാഗ്, അരവിന്ദ് തുടങ്ങി മുഴുവൻ ഗായകരും മിമിക്രി താരം മഹേഷും വേദിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.