യാംബു: പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് യാംബു മേഖല കമ്മിറ്റി യാംബുവിലെ സമ മെഡിക്കൽ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് വ്യവസായ നഗരിയിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ നിരവധി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും മറ്റും ഏറെ ഉപകരിച്ചു. വിവിധ മെഡിക്കൽ പരിശോധനകളും കുട്ടികൾക്ക് കണ്ണ് പരിശോധനയും സമ മെഡിക്കൽ കമ്പനിയിലെ ഡോ. വി. ഷാനയുടെ പരിശോധനയും യാംബുവിലെ വിവിധ മേഖലയിൽ നിന്നുള്ള ധാരാളം പേർ ഉപയോഗപ്പെടുത്തി.
'മലർവാടി' യാംബു സോൺ കോഓഡിനേറ്റർ നൗഷാദ് വി. മൂസയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് പ്രത്യേക ബോധവത്കരണ പരിപാടിയും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മലയാളി 'ഒപ്റ്റോമെട്രിസ്റ്റ്' നസ്റിൻ ജാബിർ 'കണ്ണിന് ശരിയായ പരിചരണം അനിവാര്യം' എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസെടുത്തു.
കുട്ടികളിൽ കാഴ്ച സംബന്ധമായ തകരാറുകൾ ഇന്ന് വളരെ കൂടുതലാണെന്നും കാഴ്ച സംബന്ധമായ പോരായ്മകൾ തിരിച്ചറിഞ്ഞ് അവക്ക് തുടക്കത്തിലേ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
പ്രവാസി വെൽഫെയർ യാംബു മേഖല പ്രസിഡന്റ് സഫീൽ കടന്നമണ്ണ, സെക്രട്ടറി ഇൽയാസ് വേങ്ങൂർ, നസീഫ് മാറഞ്ചേരി, ഫൈസൽ കോയമ്പത്തൂർ, അബ്ദുൽ വഹാബ് തങ്ങൾ പിണങ്ങോട്, സുഹൈൽ മമ്പാട്, സമാൻ എറണാംകുളം, സുനിൽ ബാബു ശാന്തപുരം, മുനീർ കോഴിക്കോട്, സാജിദ് വേങ്ങൂർ, സഹൽ മുനീർ, ത്വയ്യിബ് വാണിയമ്പലം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.