ജുബൈൽ: ഗൾഫ് മാധ്യമം സംഘടിപ്പിച്ച വമ്പിച്ച ആഘോഷമായ 'ഹാർമോണിയസ് കേരള' മഹോത്സവത്തിന് ദമ്മാം ലൈഫ് പാർക്കിൽ അയ്യായിരത്തോളം വരുന്ന കാണികളുടെ ആരവങ്ങൾക്ക് മുമ്പിൽ അതി മനോഹരമായ പര്യവസാനം. പൂരമേളത്തിന് ആവേശം നിറച്ച് മിഥുൻ രമേശും എത്തി.
കുളിരുകോരുന്ന ഉത്സവരാവിൽ ജനസാഗരത്തിന്റെ ആർപ്പുവിളികൾക്ക് നടുവിലൂടെ വർണ വെളിച്ചത്തിൽ പ്രശോഭിതമായ അരങ്ങിലേക്ക് മിഥുൻ രമേശ് ചുവടുകൾ വെച്ചപ്പോൾ ഒരു നിമിഷം എല്ലാവരും നിശ്ചലരായി. പൊടുന്നനെതന്നെ തന്റെ നൈസർഗികമായ ശൈലിയിലൂടെ കാണികളുടെ മുഴുവൻ ശ്രദ്ധയും തന്റെ കാന്തിക വലയത്തിലൊതുക്കി മിഥുൻ തുടങ്ങി.
വരാനിരിക്കുന്ന ആഘോഷത്തിമിർപ്പിന്റെ വരവറിയിച്ച് ലൈഫ് പാർക്കിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ ഔപചാരികമായി അദ്ദേഹം അഭിവാദ്യം ചെയ്തു. ഗൾഫ് മാധ്യമത്തിന്റെ മഹത്തായ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്ന വേളയിൽ പ്രവാസി സമൂഹത്തിന്റെ ജീവിതത്തിൽ അവിഭാജ്യ ഭാഗമായി നിലകൊള്ളുന്ന മാധ്യമത്തിന്റെ സംഭാവനകളെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.
ആദ്യമായി ഗൾഫ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹിനെ സ്റ്റേജിലേക്ക് ക്ഷണിച്ച് വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി സ്റ്റേജിലേക്ക് ക്ഷണിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ഉയർന്നതോടെ എല്ലാവരും ആദരവോടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു. ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയോട് അനുബന്ധിച്ച് പുറത്തിറക്കിയ 'കിഴക്കൊരുമ' എന്ന പേരിലുള്ള സപ്ളിമെന്റ് സൗദിയിലെ പ്രശസ്ത കലാകാരനും അഭിനേതാവുമായ മുഹമ്മദ് സമീർ അൽ നാസ്സർ ചടങ്ങിൽ അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.