യാംബു: 60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹല ബിൻത് മസിയാദ് അൽ തുവൈരിജി. സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന വംശീയ വിവേചന നിർമാർജന സമിതിയുടെ (സി.ഇ.ആർ.ഡി) 114ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ നിയമങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്ന മാനുഷിക അവകാശങ്ങളും എല്ലാ വിദേശ തൊഴിലാളികൾക്കും സൗദി വകവെച്ചു നൽകുന്നുണ്ട്. വിവിധ വംശങ്ങളോടും വൈവിധ്യമാർന്ന സംസ്കാരങ്ങളോടും അഭൂതപൂർവമായ തുറന്ന മനസ്സാണ് സൗദി അറേബ്യ പ്രകടിപ്പിക്കുന്നതെന്ന് ഹല അൽ തുവൈരിജി ചൂണ്ടിക്കാട്ടി.
നീതിയുടെയും സമത്വത്തിന്റെയും സ്ഥാപിത തത്ത്വങ്ങളെ ശക്തിപ്പെടുത്തുന്ന പരിഷ്കാരങ്ങളാണ് തന്റെ രാജ്യത്തിന്റെ ഉന്നത നേതൃത്വം നടപ്പാക്കിയതെന്ന് അവർ പറഞ്ഞു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ 114ാമത് സെഷനിൽ സൗദിയുടെ പ്രതിനിധി സംഘം ഹലയുടെ നേതൃത്വത്തിലാണ് ജനീവയിൽ എത്തിയത്.
മനുഷ്യാവകാശങ്ങളിൽ രാജ്യം കൊണ്ടുവന്ന പരിഷ്കാരങ്ങൾ ദേശീയ മുൻഗണനകളും അന്തർ ദേശീയ പ്രതിബദ്ധതകളും മുൻനിർത്തിയുള്ളതാണ്. എല്ലാവരുടെയും മൗലികാവകാശങ്ങളും സ്വാതന്ത്യവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ സൗദി മുന്നോട്ടു കൊണ്ടുപോകും.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാരും ജനങ്ങളും ഒന്നായി പ്രവർത്തിക്കുന്നുണ്ട്.
വിഷൻ 2030 അംഗീകരിച്ചതു മുതൽ, തൊഴിൽ, ടൂറിസം, നിക്ഷേപം, താമസസ്ഥലം, ആഗോള പരിപാടികളുടെ ആതിഥേയത്വം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ ഫലമായി വിവിധ വംശങ്ങളോടും സംസ്കാരങ്ങളോടും മതങ്ങളോടും അഭൂതപൂർവമായ തുറന്ന സമീപനത്തിനാണ് സൗദി സ്വീകരിച്ചത്.
വംശീയ വിവേചനം ഉൾപ്പെടെയുള്ള തൊഴിൽ രംഗത്തെ വിവേചനം ഇല്ലാതാക്കാനും ബാലവേല തടയുന്നതിനുമുള്ള ദേശീയ നയം നടപ്പാക്കാനും സൗദിക്ക് കഴിഞ്ഞു. നീതിയിലും സമത്വത്തിലും വംശീയതയെയും വിവേചനത്തെയും നിരാകരിക്കുന്നതിലുള്ള സൗദി ഭരണകൂടത്തിന്റെ ഉറച്ച നിലപാട് ഊന്നിപ്പറഞ്ഞു കൊണ്ടാണ് അന്താരാഷ്ട്ര കൺവെൻഷനിൽ സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.