റിയാദ്: സൗദി ഡാക്കർ റാലി ആറാം പതിപ്പ് 2025 ജനുവരി മൂന്നിന് ആരംഭിക്കും. ജനുവരി 17 വരെ നീളുന്ന മത്സരത്തിന്റെ വിശദാംശങ്ങൾ കായിക മന്ത്രാലയം പ്രഖ്യാപിച്ചു. 7707 കിലോമീറ്റർ ദൂരത്തിലാണ് മത്സരം. സൗദിയുടെ തെക്ക് ബിഷ ഗവർണറേറ്റിൽ നിന്ന് ആരംഭിച്ച് വടക്ക് വഴി കടന്ന് ഹാഇൽ നഗരത്തിലെത്തി, ദവാദ്മിയിലും റിയാദിലുമായി മത്സരം പൂർത്തിയാകും. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ ‘റുബ്അ് അൽഖാലി’ മരുഭൂമിയിലെ ശുബൈത്വയിലാണ് ഫൈനൽ.
തുടർച്ചയായി ആറാം തവണയും റാലി മത്സരങ്ങൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽഫൈസൽ പറഞ്ഞു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്ബിൻ സൽമാന്റെയും ഉദാരമായ പിന്തുണയും കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസലിന്റെ തുടർച്ചയായ ഫോളോഅപ്പും ഫലമായാണ് ആറാം തവണയും ഡാക്കർ റാലിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത്.
രാജ്യത്തിന് അഭിമാനകരമായ പദവി നേടാനാകുന്നതിനു പുറമേ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഇവന്റുകളും മത്സരങ്ങളും ആതിഥ്യം വഹിക്കുന്നതിനും സാധിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച കാറോട്ട മത്സര ഡ്രൈവർമാരെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതിലേക്ക് ഇത് നയിക്കും. മത്സരത്തിന് പുതിയൊരു പാത ഇത് ഉണ്ടാക്കും.
രാജ്യത്തെ അതിമനോഹരമായ പ്രകൃതിദത്തവും പുരാവസ്തുശാസ്ത്രപരവുമായ ഭൂപ്രകൃതികളും വൈവിധ്യവും വ്യതിരിക്തവുമായ ഭൂപ്രകൃതിയും പര്യവേക്ഷണം ചെയ്യാൻ പങ്കാളികൾക്ക് അതുല്യമായ ചക്രവാളങ്ങൾ തുറക്കും. സൗദി ഡാക്കർ റാലി 2025ന്റെ ആറാം പതിപ്പിൽ പങ്കെടുക്കുന്നതിന് വിവിധ രാജ്യങ്ങളിലെ അതിഥികളെ സ്വാഗതം ചെയ്യുന്നുവെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
ഡാക്കർ റാലി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോട്ടോർസ്പോർട് ഇവന്റുകളിൽ ഒന്നാണ്. പങ്കെടുക്കുന്നവർക്കും പൊതുജനങ്ങൾക്കും വലിയ ആവേശം പകർന്നു ഇത് നാല് പതിറ്റാണ്ടിലേറെയായി നടക്കുന്നു. യൂറോപ്പിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഒന്നിലധികം വൈവിധ്യമാർന്ന പാതകളിലൂടെ മത്സരങ്ങൾ നടക്കുകയുണ്ടായി. 2020ൽ സൗദി ആതിഥേയത്വം വഹിച്ചപ്പോൾ ഏഷ്യാ ഭൂഖണ്ഡത്തിലെ മത്സരത്തിന്റെ ആദ്യ ലക്ഷ്യസ്ഥാനമായി. എല്ലാ പതിപ്പുകളും മികച്ച വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.