റിയാദ്: റിയാദിന്റെ ആകാശത്തെ പ്രകാശപൂരിതമാക്കാൻ 60ലധികം കലാസൃഷ്ടികളുമായി ‘നൂർ അൽറിയാദ്’ ആഘോഷങ്ങൾക്ക് തുടക്കമായി. 2024 നവംബർ 28 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ കിങ് അബ്ദുൽ അസീസ് ചരിത്ര കേന്ദ്രം, വാദി ഹനീഫ, ജാക്സ് ഡിസ്ട്രിക്റ്റ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്.
നാലാം പതിപ്പ് 60ലധികം ഒപ്റ്റിക്കൽ കലാസൃഷ്ടികൾ അവതരിപ്പിക്കുന്നു. 18 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 60ലധികം കലാകാരന്മാർ സൃഷ്ടിച്ചതാണിത്. റിയാദിനെ ഒരു തുറന്ന ആർട്ട് ഗാലറിയാക്കി മാറ്റുന്ന അസാധാരണമായ അനുഭവത്തിൽ മൗലികതയും ആധുനികതയും ഇടകലർത്തിയുള്ളതാണിവ.
ഈ വർഷത്തെ പതിപ്പിൽ 18 സൗദി കലാകാരന്മാരും 43 അന്തർദേശീയ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. റിയാദിന്റെ സാംസ്കാരികവും കലാപരവുമായ രംഗങ്ങളിലൂടെ തിളങ്ങുന്ന അതുല്യമായ കലാസൃഷ്ടികൾ അവർ അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ നൂർ റിയാദ് ആറ് ഗിന്നസ് അവാർഡുകൾ നേടിയിരുന്നു
നൂർ റിയാദ് ആഘോഷം തലസ്ഥാനത്തെ ഒരു ഓപൺ പ്രദർശനമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് ഉൾക്കൊള്ളുന്നുവെന്ന് റിയാദ് ആർട്ട് പ്രോഗ്രാം ഡയറക്ടർ എൻജിനീയർ ഖാലിദ് അൽഹസാനി പറഞ്ഞു. ഇത് കലയും സർഗാത്മകതയും എല്ലാവർക്കും പ്രാപ്യമാക്കുന്നു. പൊതു ഇടങ്ങളിൽ പ്രധാനമായും വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് റിയാദിനെ പുതിയതും പ്രചോദനാത്മകവുമായ രീതിയിൽ കണ്ടെത്താൻ ഇത് താമസക്കാരെയും സന്ദർശകരെയും പ്രാപ്തരാക്കുന്നു.
ഇത് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ലോകത്തെ വിവിധ രാജ്യങ്ങൾക്കിടയിൽ സർഗാത്മകതയെയും സാംസ്കാരിക വിനിമയത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അൽഹസാനി പറഞ്ഞു.
നൂർ റിയാദ് ആഘോഷം സമൂഹത്തെ പ്രചോദിപ്പിക്കുകയും കലയും ആളുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആഘോഷ ഡയറക്ടർ എൻജിനീയർ നൗഫ് അൽ മുനീഫ് പറഞ്ഞു. നഗരത്തെ ഊർജസ്വലമായ ഒരു കലാപരമായ കാൻവാസാക്കി മാറ്റുന്നു.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച കലാപരമായ സൃഷ്ടികളിൽ ഉൾക്കൊള്ളുന്ന വെളിച്ചവും അതിന്റെ കഥകളും പര്യവേക്ഷണം ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വ്യത്യസ്ത പ്രായ വിഭാഗങ്ങളിൽനിന്നുമുള്ള എല്ലാവരെയും ക്ഷണിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും അൽമുനീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.