ദമ്മാം: പ്രവാസി മലയാളികൾ നൽകിയ ഊഷ്മള ആതിഥ്യവും സ്നേഹവും ഹൃദയത്തിലേറ്റുവാങ്ങി യുവഗായകർ ദമ്മാമിൽനിന്ന് മടങ്ങി. ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കിയ ‘റെയ്നി നൈറ്റ്’ സംഗീതനിശയിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്ര പിന്നണിഗായകരായ സൂരജ് സന്തോഷ്, നിത്യ മാമ്മൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് സുബ്രഹ്മണ്യം എന്നിവരാണ് ദമ്മാമിലെ പാട്ടാസ്വാദകരുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി മടങ്ങിയത്.
പലരും സൗദിയിൽ നേരത്തെ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കിഴക്കൻ പ്രവിശ്യയിൽ എത്തുന്നത്. അൽഖോബാറിലെത്തിയവർ പരിപാടി നടന്ന വെള്ളിയാഴ്ച സിഗ്നേച്ചർ ഹോട്ടലിലെ അൽ യാസ്മിൻ ഹാളിൽ ഒത്തുചേർന്നു.
പരിപാടിയുടെ ഫൈനൽ റിഹേഴ്സലിലായിരുന്നു കൂടിച്ചേരൽ. പരിശീലനത്തിന്റെ ഇടവേളയിൽ അവർ ‘ഗൾഫ് മാധ്യമ’വുമായി സംവദിച്ചു. പാട്ടിന്റെ വഴികളിൽ എത്തപ്പെട്ടതും ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നതുമെല്ലാം ഓരോരുത്തരും വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയവും ആശയവും സംസാരിക്കാന് സംഗീതമാണ് ഏറ്റവും നല്ലവേദിയെന്ന് സൂരജ് സന്തോഷ് പറഞ്ഞു. ഗായകന് എന്നതിനപ്പുറം സ്വതന്ത്രസംഗീതജ്ഞന് എന്നറിയപ്പെടുകയാണ് സൂരജിന്റെ ആഗ്രഹം. ചില കാര്യങ്ങളൊക്ക പറയേണ്ടിവരുന്നത് നിർബന്ധിതാവസ്ഥയിലാണ്.
പാലക്കാട് ആനക്കര ചോലയിൽ വീട്ടിൽ ശ്രീജിഷ് സുബ്രഹ്മണ്യം ആദ്യമായാണ് സൗദിയിലെത്തുന്നത്. കിങ് ഓഫ് കൊത്തയിലെ ‘ഉലകിൽ’ എന്ന ഗാനത്തിലൂടെയാണ് മലയാളിയുടെ പ്രിയങ്കരനായത്. പോളിടെക്നിക് പഠനം അവസാനിപ്പിച്ച് പാലക്കാട് ചെമ്പൈ മ്യൂസിക് കോളജിൽനിന്ന് ബിരുദം നേടി പിന്നണി ഗായകനായെത്തുകയായിരുന്നു. പഴയ പാട്ടുകൾക്കും പുതിയ പാട്ടുകൾക്കും അതിന്റേതായ ആസ്വാദനതലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാട്ട് തന്നെയാണ് എന്നും തങ്ങളുടെ മേഖലയെന്ന് നിത്യ മാമ്മനും ക്രിസ്റ്റകലയും പറഞ്ഞു. പുതിയ ധാരാളം സിനിമകളും സ്റ്റേജ് പ്രോഗ്രാമുകളും റിയാലിറ്റി ഷോകളും തങ്ങളെ തേടിയെത്തുന്നുണ്ട്. സംഗീതത്തിലും ആലാപനത്തിലുമുള്ള എല്ലാ നൂതന ആശയങ്ങളും സ്വായത്തമാക്കാൻ ശ്രമിക്കുന്നു. പാട്ട് പഠിച്ചുകൊണ്ടിരിക്കുന്നു. പണ്ടത്തെ അപേക്ഷിച്ച് ഇപ്പോഴുള്ള കുട്ടികൾക്ക് അവസരങ്ങൾ ധാരാളമുണ്ട്. പ്രവാസികൾക്ക് തന്നോട് എന്നും പ്രത്യേക ഇഷ്ടമുണ്ടെന്ന് അക്ബർഖാൻ വെളിപ്പെടുത്തി. എല്ലായിടത്തും നിഷ്കളങ്കമായ സ്നേഹവായ്പുകളാണ് ലഭിക്കുന്നത്.
ദമ്മാമിന്റെ ഊഷ്മള ആശ്ലേഷം എന്നും മനസ്സിലുണ്ടാവും. ഇനിയും ഇവിടേക്ക് വരണമെന്ന അഗ്രഹവും അക്ബർ പങ്കുവെച്ചു.
വൈകീട്ട് 7.30 മുതലായിരുന്നു സംഗീതനിശ. ഗൾഫ് മാധ്യമത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ഇഷ്ടമാണെന്ന് താരങ്ങൾ സദസ്സിനോട് പറഞ്ഞു.
മഴയുടെ പാട്ടുകളും അനുസൃതമായ പശ്ചാത്തലവും കണ്ണുകൾക്കും കാതുകൾക്ക് ഏറെ ഇമ്പം നൽകി. രാത്രി 11ഓടെ പരിപാടി അവസാനിപ്പിച്ച് ഗായകർ താമസസ്ഥലത്തേക്ക് മടങ്ങി.
അൽപ വിശ്രമത്തിനുശേഷം സംഘാടകസമിതി അംഗങ്ങൾക്കൊപ്പം അത്താഴം. എല്ലാവർക്കും അറബിക് ഭക്ഷണത്തോടായിരുന്നു പ്രിയം. യാത്രയിലുടനീളം ഗൾഫ് മാധ്യമം അവർക്കായി ഒരുക്കിയ ആതിഥ്യത്തിന്റെ ഊഷ്മളതയെ കുറിച്ച് അവർ സംഘാടക സമിതിയംഗങ്ങളോട് സംസാരിച്ചുകൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.