ജിദ്ദ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'സോക്കർ കാർണിവൽ 2022' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന് (വെള്ളി) ജിദ്ദയിൽ നടക്കും. ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണി മുതൽ ആരംഭിക്കുന്ന ടൂർണമെന്റ് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്‌ഘാടനം ചെയ്യും.
ഇഖ്യുബിലിറ്റി സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും, അൽ ഹാസ്‌മി ഇൻറർനാഷണൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് കപ്പിനും പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും 12 പ്രമുഖ ടീമുകൾ പങ്കെടുക്കും.
സോക്കർ അൽഖഹ്താനി, ജെ.എസ്.സി, സൂറത് ടാലന്റ് ടീൻസ്, അമിഗോസ് ജിദ്ദ എന്നീ ടീമുകൾ ജൂനിയർ വിഭാഗത്തിലും ബ്രോസ്റ്റഡ് ക്യു ആൻഡ് സൂപ്പർ പ്രിന്റിങ് സെവൻ സ്റ്റാർ എഫ്.സി, അനാലിറ്റിക്സ് ബ്ളാസ്റ്റേഴ്സ്, റോയൽ ട്രാവൽസ് ജിദ്ദ, അൽഹാസ്മി എഫ്.സി, മഹ്ജർ എഫ്.സി, മെമ്മറീസ് ട്രാവൽ ബി.എഫ്.സി, റീഫ്കോ എഫ്.സി, ബാഹി ബർഗർ ഖാലിദ് ബിൻ വലീദ് എഫ്.സി എന്നീ ടീമുകൾ സീനിയർ വിഭാഗത്തിലും മാറ്റുരക്കും.
മുൻ സന്തോഷ് ട്രോഫി, യൂനിവേഴ്‌സിറ്റി താരങ്ങളുൾപ്പെടെ സിഫിന്റെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കളിപ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി 'ഗൾഫ് മാധ്യമം' മാനേജ്‌മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.