ദമ്മാം: സൗദി ജയിലിൽനിന്ന് മോചിതനായ ഉത്തർപ്രദേശ് ബീജാപൂർ സ്വദേശി അവാദേശ് ശേഖറിന് നാട്ടിൽ വീട് പണിതുകൊടുക്കുമെന്ന് മോചനത്തിന് വേണ്ടി രംഗത്തിറങ്ങിയ സൗദി സാമൂഹികപ്രവർത്തകൻ ഹാദി ബിൻ ഹമൂദ്. അവാദേശിെൻറ മോചനത്തിനായി പണം സ്വരൂപിക്കാൻ ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജയിൽ മോചിതനായെത്തിയ അവാദേശ് ശേഖറിനെ എല്ലാ സൗകര്യങ്ങളും നൽകി നാട്ടിലയക്കാനുള്ള ഒരുക്കത്തിലാണ് ഹാദി ഹമൂദും സംഘവും. ജയിലിൽ കിടന്ന കാലമത്രയും കണക്കുകൂട്ടി ശമ്പളത്തിന് തുല്യമായ തുകയും അവദേശിന് നൽകും. അതിന് പുറമെ അയാൾക്കും കുടുംബത്തിനും ജീവിക്കാൻ നല്ല ഒരു വീടും നാട്ടിൽ പണിതുകൊടുക്കും. തെൻറ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ കണ്ട് വിസ്മയിച്ചുനിൽക്കുകയാണ് അവദേശ്. നന്ദി പറയാൻ വാക്കുകളില്ലാതെ ആ മനുഷ്യൻ വിതുമ്പിക്കരയുന്നു.
ഇയാളുടെ മോചനത്തിനായി പണം സ്വരൂപിക്കാൻ ഇറങ്ങിയപ്പോൾ മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണുണ്ടായതെന്ന് ഹാദി ബിൻ ഹമൂദ് പറഞ്ഞു. പകുതിയോളം പണം സ്വരൂപിച്ച ഘട്ടത്തിൽ ഒരു സ്വദേശി പൗരൻ ഹാദി ഹമൂദിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെ ചെന്നപ്പോൾ ബാക്കി വേണ്ട നാല് ലക്ഷത്തോളം റിയാൽ സമ്മാനിച്ച് അദ്ദേഹം ഞെട്ടിച്ചെന്ന് ഹാദി പറയുന്നു. തെൻറ പേർ എവിടെയും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞാണ് പണം നൽകിയത്. തൊട്ടു പിന്നാലെ വ്യവസായ പ്രമുഖയായ സ്വദേശി വനിത വിളിച്ച് പണം പൂർണമായും താൻ തന്നുകൊള്ളാമെന്ന് അറിയിച്ചു. എന്നാൽ അപ്പോഴേക്കും ആവശ്യമായത്രയും പണം തികഞ്ഞുകഴിഞ്ഞിരുന്നു. അതിനാൽ ദൗത്യം പൂർണമായെന്നും ഇനി പണം ആവശ്യമില്ലെന്നും അറിയിച്ചു. ഇനി ഇതുപോലുള്ള ആവശ്യം വരുേമ്പാൾ ബന്ധപ്പെടണമെന്ന് പറഞ്ഞാണ് അവർ ഫോൺ വെച്ചതെന്നും ഹാദി ഹമൂദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.