ജിദ്ദ: മദീനയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് ആരോഗ്യസേവനത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഹജ്ജ് സീസണിന് മുമ്പും ശേഷവും മസ്ജിദുന്നബവിയിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് വിപുലമായ സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് മദീനയിലെ ആരോഗ്യ കാര്യാലയം ഒരുക്കിയിരിക്കുന്നത്.
മാനുഷികവും സാങ്കേതികവുമായ കഴിവുകളും മെഡിക്കൽ ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി മദീന ആരോഗ്യ കാര്യാലയം വ്യക്തമാക്കി. ഈ വർഷം 18 ആശുപത്രികളിലും പ്രത്യേക മെഡിക്കൽ സെന്ററുകളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.
21,000 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകളും സേവനത്തിനായുണ്ടാകും. പ്രവേശന കവാടങ്ങളിലും പ്രധാന റോഡുകളിലും താമസസ്ഥലങ്ങളിലും മീഖാത്തിലും മസ്ജിദുന്നബവിക്ക് ചുറ്റും തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നേടുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
സേവനങ്ങൾക്ക് ഉയർന്ന സജ്ജീകരണങ്ങളുണ്ട്. പ്രതിരോധ, അടിയന്തര ചികിത്സ രംഗത്ത് വേണ്ട പരിശീലന പരിപാടികൾ പൂർത്തിയാക്കിയവരാണ് സേവന രംഗത്തുള്ളത്. മദീന വിമാനത്താവളം, യാംബു വിമാനത്താവളം, യാംബു പോർട്ട് എന്നിവിടങ്ങളിൽ ആരോഗ്യ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മദീന ആരോഗ്യ കാര്യാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.