മക്ക: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും നാട്ടിലേക്കു മടങ്ങി. ഇത്തവണ ഇന്ത്യയിൽനിന്ന് 1,750,25 ഹാജിമാരാണ് എത്തിയത്. ഇതിൽ 35,596 ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ബാക്കി മുഴുവൻ തീർഥാടകരും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുമാണ് എത്തിയത്. ഹജ്ജിനുശേഷം ജൂലൈ മൂന്നു മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ വഴിയാണ് ഹാജിമാർ മടക്കം ആരംഭിച്ചത്.
ഹജ്ജിനുമുമ്പ് മദീനയിലെ പ്രവാചകന്റെ പള്ളിയുൾപ്പെടെ സന്ദർശനം പൂർത്തിയാക്കിയവരാണ് ജിദ്ദ വഴി നാട്ടിലേക്കു യാത്രയായത്. എന്നാൽ, ഹജ്ജിനുശേഷം മദീന സന്ദർശനം മാറ്റിവെച്ചവർ ജൂലൈ 13 മുതൽ മദീനയിലേക്കു തിരിച്ചു. അവിടം സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴിയാണ് നാട്ടിലേക്കു മടങ്ങിക്കൊണ്ടിരുന്നത്. ബുധനാഴ്ച രാത്രിയോടെ അവശേഷിച്ചവർകൂടി രാജ്യംവിട്ടതോടെ ഈ വർഷത്തെ ഇന്ത്യൻ ഹാജിമാരുടെ മടക്കം പൂർത്തിയായി.
കേരളത്തിലെ തീർഥാടകരെ കൂടാതെ മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് അവസാനദിനം മദീനയിൽനിന്ന് ഹാജിമാർ യാത്രയായത്. കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളിലുമാണ് ബുധനാഴ്ച മലയാളി ഹാജിമാരുടെ അവസാന സംഘം മടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ 145 യാത്രക്കാരുമായാണ് ഐ.എക്സ് 3031 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്.
മക്കയിൽ മൂന്നും മദീനയിൽ രണ്ടും തീർഥാടകർ വിവിധ ഗവൺമെൻറ് ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ട്. ഇതിൽ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ മലപ്പുറം സ്വദേശിയായ വനിത തീർഥാടകയും ഉണ്ട്. 11 മലയാളി തീർഥാടകർ ഉൾപ്പെടെ 182 ഹാജിമാർ ഇതിനകം മക്കയിലും മദീനയിലുമായി വിവിധ കാരണങ്ങളാൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.