ദമ്മാം: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സൗദി അറേബ്യ നിലവിലെ ഇന്ധനങ്ങൾക്ക് പകരമായി യൂറോ ഫൈവ് ക്ലീൻ പെട്രോളും ഡീസലും വിപണിയിലെത്തിക്കുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതായി സൗദി ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ഇന്ധനങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സംയുക്തങ്ങളുടെ അളവ് വലിയ തോതിൽ കുറച്ചാണ് വിപണിയിലെത്തിക്കുന്നത്.
എല്ലാ തരം വാഹനങ്ങളിലും ഉപയോഗിക്കാവുന്നതാണന്നും കൂടുതൽ കാര്യക്ഷമത നൽകുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ‘വിഷൻ 2030’ന്റെ ഭാഗമായി ‘ഗ്രീൻ സൗദി’ ലക്ഷ്യം കൈവരിക്കുന്നതിന് പുറംതള്ളപ്പെടുന്ന കാർബണിന്റെ അളവിൽ കുറവുവരുത്തുക എന്ന വലിയ ലക്ഷ്യമാണ് പുതിയ ഇന്ധനങ്ങളുടെ വിപണിയിലെത്തിക്കുന്നതിലൂടെ സാധ്യമാക്കുന്നത്. 2060ഓടെ കാർബൺമുക്ത അന്തരീക്ഷം സംജാതമാക്കുകയെന്ന വലിയ ലക്ഷ്യത്തിന്റെ പ്രധാന ചുവടുവെപ്പ് കൂടിയാണിത്.
കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങളെ നേരിടാനുളള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പ്രധാന ഊർജ ഉൽപാദകരെന്ന രീതിയിൽ മികച്ച പിന്തുണ നൽകുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. ഇന്ധനങ്ങളുടെ പ്രധാന ആഗോള വിതരണക്കാരെന്ന നിലയിൽ സൗദിയുടെ സംഭാവന ഏറെ പ്രശംസിക്കപ്പെടുകയാണ്.
വാഹന വിപണികൾക്ക് ഏറെ സഹായകമാകുന്ന തരത്തിൽ മികച്ച കാര്യക്ഷമത ഉറപ്പുവരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് പുതുതായി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിൽ പുതിയ ഇന്ധനങ്ങൾക്കനുസരിച്ച് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാനും കാര്യക്ഷമത വർധിപ്പിക്കാനും നിർമാതാക്കളോട് ആവശ്യപ്പെടും.
യൂറോ ഫൈവ് ഇന്ധനങ്ങൾ ആധുനിക സാങ്കേതികവിദ്യകൾക്ക് അനുഗുണമായി മികച്ച നിലവാരം നൽകുന്നവയാണ്. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയുക്തമാണ്. ഈ ഇന്ധനങ്ങളിൽ കാർബൻ മോണോക്സൈഡിന്റെ അളവ് 1.5 ശതമാനത്തിൽ കൂടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.