ജിദ്ദ: വിശുദ്ധ ഭൂമിയിൽ അതിഥികളായെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുന്ന ഹജ്ജ് വളന്റിയർ കോറിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കേരള മുസ് ലീം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി നിർവഹിച്ചു. ഈ വർഷവും അതിവിപുലമായി ഐ.സി. എഫ്, ആർ. എസ്. സി വളന്റിയർ സേവനം ലഭ്യമാക്കും.
ആദ്യ ഹജ്ജ് സംഘമെത്തുന്നതു മുതൽ അവസാന ഹജ്ജ് സംഘം വിട പറയുന്നതുവരെ ജിദ്ദ, മദീന എയർപോർട്ടുകളിലും മക്കയിൽ ഹറം പരിസരങ്ങളിലും അറഫ, മിന, അസീസിയ, മുസ്ദലിഫ, കുദായ് എന്നിവിടങ്ങളിലും വളന്റിയർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തും. പുണ്യകർമങ്ങളിലെ സംശയ നിവാരണം , മെഡിക്കൽ സേവനം, അവശരായ ഹാജിമാർക്ക് വേണ്ട പ്രത്യേക കരുതൽ, വീൽചെയർ സംവിധാനങ്ങൾ എന്നിവയും സുസജ്ജമാക്കും.
സേവന രംഗത്ത് നിസ്തുലമായ ഇടപെടലുകൾ അടയാളപ്പെടുത്തി ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളന്റിയര്‍ കോര്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഹാജിമാര്‍ക്ക് പ്രത്യേകം പരിശീലനം നൽകിയ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന 3000 ഐ.സി.എഫ്, ആർ എസ്.സി ഹജ്ജ് വളന്റിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതല്‍ ജിദ്ദയിൽ നിന്നുള്ള വളന്റിയര്‍മാര്‍ എയർപോർട്ട് പരിസരത്തു സേവന നിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.