എ.എം. ആരിഫ്​ എം.പി റിയാദിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനെ സന്ദർശിച്ചപ്പോൾ

ലോക കേരളസഭ സൗദിയില്‍ നടത്താന്‍ പിന്തുണക്കുമെന്ന്​​ ഇന്ത്യൻ അംബാസഡര്‍

റിയാദ്: ലോക കേരള സഭ സൗദി അറേബ്യയില്‍ നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചതായി എ.എം. ആരിഫ് എം.പി. ഹ്രസ്വസന്ദർശനത്തിന്​ റിയാദിലെത്തിയ എം.പിയുമായി ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ പിന്തുണ വാഗ്​ദാനം ചെയ്​തത്​. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘പ്രവാസി പരിചയ്’ വാരാഘോഷം, റിയാദ് സീസണ്‍, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം എന്നിവയാണ് ലോക കേരള സഭ സൗദിയിൽ നടത്തുന്നതിനുള്ള അനുമതി നേടലിന്​ തടസ്സമായതെന്ന്​ വ്യക്തമാക്കിയ അംബാസഡർ സാഹചര്യം അനുകൂലമായാല്‍ സര്‍വ്വാത്മനാ കേരള സര്‍ക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്ന്​ വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആവശ്യമാണ്. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. എംബസിയിലെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കൂടുതല്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് ആവ്യമായ നടപടി സ്വീകരിക്കണം. പിഴ ഉള്‍പ്പെടെ അടക്കാന്‍ നിര്‍വാഹമില്ലാതെ തടവില്‍ തുടരുന്ന പ്രവാസികളുടെ മോചനത്തിന് ഫണ്ട് വിനിയോഗിക്കാന്‍ കഴിയണം. ഫണ്ട് വിനിയോഗിക്കുന്നതിന് നിയന്ത്രണവും മാര്‍ഗനിര്‍ദേശവും നിലവിലുണ്ട്. ഇത് കാര്യക്ഷമമാക്കാനുളള ശ്രമം തുടരുമെന്നും എം.പി പറഞ്ഞു.

കൂടിക്കാഴ്​ചയിൽ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബു മാത്തന്‍ ജോര്‍ജ്, കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്​ മേധാവി മൊയിന്‍ അക്തര്‍, സെക്കൻഡ്​ സെക്രട്ടറി മീണ എന്നിവരും സന്നിഹിതരായിരുന്നു. മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം-2023’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി, റഹ്​മാന്‍ മുനമ്പത്ത്, നിസാര്‍ പള്ളിക്കശ്ശേരില്‍, മുഹമ്മദ് സാദിഖ് എന്നിരും പങ്കെടുത്തു.

Tags:    
News Summary - Indian Ambassador says he would support holding the Loka Kerala Sabha in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.