ദമ്മാം: ഇൻഡിഗോയുടെ ദമ്മാം-മുംബൈ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജൂലൈ ആറ് മുതൽ ദമ്മാമിൽനിന്ന് മുംബൈയിലേക്ക് ആരംഭിക്കുമെന്ന് പറഞ്ഞ് ഓൺലൈനിൽ പരസ്യപ്പെടുത്തിയതോടെ കിഴക്കൻ പ്രവിശ്യയിൽ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് കമ്പനിയുടെ അപ്രതീക്ഷിത പിൻവാങ്ങലിൽ പെരുവഴിയിലായത്.
മലയാളികൾ കണക്ഷൻ ഫ്ലൈറ്റിൽ നാടണയാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കത്തിനിൽക്കുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായെത്തിയ ഇൻഡിഗോയെ പ്രവാസികൾ ആശ്വാസത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയായിരുന്നു. എന്നാൽ, ദമ്മാം വിമാനത്താവളത്തിൽ നിന്നുമുള്ള പറക്കലിന് ഇൻഡിഗോക്ക് നടപടികൾ പൂർത്തീകരിക്കാനുള്ളതിനാൽ കമ്പനിയാത്ര റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു.
ജൂൺ അഞ്ചിനാണ് ഇൻഡിഗോ എയർ ആദ്യമായി ദമ്മാമിൽനിന്ന് തുടങ്ങുന്നതായി അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. ടിക്കറ്റ് വാങ്ങാനുള്ള അവസരം ഓൺലൈനിൽ മാത്രമായിരുന്നു.
പണം തിരിച്ചുനൽകാമെന്ന് കമ്പനി അധികൃതർ പറയുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ഈ വിലക്കും ഇതേ ദിവസങ്ങളിലും ഇനി ടിക്കറ്റ് ലഭിക്കില്ല. എയർേപാർട്ടിൽനിന്ന് യാത്രക്കുള്ള ഉറപ്പ് ലഭിക്കാതെ ടിക്കറ്റ് വിൽപന തുടങ്ങിയതിനെതിരെ യാത്രക്കാർ രോഷാകുലരാണ്. പലരും പുതിയ വീട്ടിലേക്ക് കൂടാനും കല്യാണങ്ങൾക്കുമൊക്കെ ടിക്കറ്റെടുത്തവരാണ്. ടിക്കറ്റ് വില തിരിച്ചുനൽകാനും നഷ്ടപരിഹാരം നൽകാനും കമ്പനി അധികൃതരെ വിളിക്കുമ്പോൾ വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെന്ന് ടിക്കറ്റെടുത്ത ചേളന്നൂർ സ്വദേശി ഇല്യാസ് പറഞ്ഞു. ഓരോ സമയത്തു വിളിക്കുമ്പോഴും വ്യത്യസ്തരായ ഉദ്യോഗസ്ഥരെയാണ് ലഭിക്കുന്നത്. ഓരോരുത്തരോടും പ്രശ്നങ്ങൾ പറയാനേ സമയമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത കുടുംബങ്ങൾ വെക്കേഷൻയാത്ര മാറ്റിവെക്കേണ്ട അവസ്ഥയിലാണെന്നും യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.