യാംബു: റമദാനിൽ ഭക്ഷ്യോൽപന്ന വിപണിയിലെ പരിശോധന കർശനമാക്കി. ആദ്യ പകുതിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ 15,000 ലധികം പരിശോധന സ്ക്വാഡുകളാണ് വ്യാപാരശാലകളും ഗോഡൗണുകളും കേന്ദ്രീകരിച്ച് നടന്നത്. അതിൽ 535 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകരായ 1,039 പേർക്ക് ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വിവിധ പ്രദേശങ്ങളിലെ പബ്ലിക് മാർക്കറ്റുകളിലും അറവുശാലകളിലും നടത്തിയ പരിശോധനകളിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ്. 2,413 പരിശോധനകളാണ് ഇവിടെ നടന്നത്. റമദാനിൽ പരിസ്ഥിതി- ജലം- കൃഷി മന്ത്രാലയത്തിന്റെ പ്രത്യേക ടീമുകൾ 33,000 പരിശോധന ടൂറുകൾ നടത്തി.
ഓരോയിടത്തും നിർദേശാനുസരണം ഒരുക്കിയ സൗകര്യങ്ങൾ, നിയന്ത്രണങ്ങൾ, ആരോഗ്യം, സാങ്കേതിക സൗകര്യങ്ങൾ എന്നിവയെല്ലാം കുറ്റമറ്റതാണോ എന്ന പരിശോധനയാണ് നടക്കുന്നത്. റിയാദ് പ്രവിശ്യയിൽ 2,140, അൽ ഖസിം പ്രവിശ്യയിൽ 2,131 പരിശോധനകളും റമദാനിൽ നടന്നു. വ്യാപാരശാലകളിലെയും അറവുശാലകളിലെയും തൊഴിലാളികളുടെ ഔദ്യോഗിക യൂനിഫോം പാലിക്കാത്തതും ഇലക്ട്രോണിക് പേമെന്റ് മെഷീൻ ഒരുക്കാത്തതും നിയമലംഘനങ്ങളാണ്. സ്റ്റോറുകളിൽ നിശ്ചിത സ്ഥലങ്ങളിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റ്, ഉൽപന്നങ്ങളുടെ നിലവാരം, തൊഴിൽ നിയമ പാലനം തുടങ്ങിയവയും നിരീക്ഷണ സ്ക്വാഡുകൾ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.