റിയാദ്: അന്താരാഷ്ട്ര ഖനന സമ്മേളനത്തിന് സൗദി തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കും. 2025 ജനുവരി 14 മുതൽ 16 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് നാലാമത് അന്താരാഷ്ട്ര ഖനന സമ്മേളനം നടക്കുകയെന്ന് വ്യവസായ -ധാതുവിഭവ മന്ത്രാലയം വ്യക്തമാക്കി. സമ്മേളനത്തോടനുബന്ധിച്ച് നൂറിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതല യോഗം നടക്കുമെന്ന് വ്യവസായ -ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് പറഞ്ഞു. 40ലധികം അന്തർദേശീയ സർക്കാർ, സർക്കാറിതര സംഘടനകൾ അതിൽ പങ്കെടുക്കും. മുൻ മന്ത്രിതല യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ തുടർനടപടികളാണ് ഈ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ആഫ്രിക്ക മുതൽ പടിഞ്ഞാറ്, മധ്യേഷ്യ വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന ഖനനമേഖലയിലെ നിർണായക ധാതുക്കൾക്കായി തന്ത്രപരമായ ഒരു ചട്ടക്കൂട് വികസിപ്പിക്കൽ, ആധുനിക സാങ്കേതികവിദ്യകളും പുനരുപയോഗക്ഷമമായ ഊർജവും ഉപയോഗിച്ച് പ്രദേശത്ത് ഹരിത ധാതുക്കൾ ഉൽപാദിപ്പിക്കൽ, ധാതു ഉൽപാദനത്തിനുള്ള പ്രാദേശിക അഭിലാഷങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ചട്ടക്കൂട് വികസിപ്പിക്കൽ, വിതരണ ശൃംഖലകളിലെ സുതാര്യത, നിക്ഷേപം പ്രാപ്തമാക്കുന്നതിനും മനുഷ്യശേഷി വർധിപ്പിക്കുന്നതിനും പ്രധാന ഖനന കേന്ദ്രങ്ങൾ നിർമിക്കുക എന്നിവ മുൻമന്ത്രിസഭ മുൻകൈയെടുത്ത തീരുമാനങ്ങളിലുൾപ്പെടുമെന്ന് ഖനനമന്ത്രി പറഞ്ഞു.
നാലാമത് സമ്മേളനം വ്യവസായ -ധാതുവിഭവ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. നിർമാണമേഖലകളിലെ പുതിയ ഖനനമേഖലകളുടെ സാധ്യതകൾ, ഖനന, സംസ്കരണ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കുക, സമൂഹങ്ങളുടെ വികസനത്തിനും നൂതന സാങ്കേതികവിദ്യയുടെ ഉറവിടമായി ശുദ്ധമായ ഊർജം സുരക്ഷിതമാക്കുന്നതിനും ധാതുമേഖലയുടെ സംഭാവന എന്നിവ ചർച്ച ചെയ്യുമെന്നും ഖനന മന്ത്രി പറഞ്ഞു.
സമ്മേളനത്തിന്റെ ആദ്യ ദിവസം നടക്കുന്ന മന്ത്രിതല യോഗത്തിൽ ഖനനമേഖലയുമായി ബന്ധപ്പെട്ട നിരവധി മന്ത്രിമാർ പങ്കെടുക്കും. ആഗോള ഖനന നിക്ഷേപരംഗത്തെ പ്രമുഖർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ഖനനകമ്പനികളുടെ മേധാവികൾ എന്നിവർ പങ്കെടുക്കുന്ന പ്രധാന സെഷനുകൾ രണ്ടും മൂന്നും ദിവസങ്ങളിൽ നടക്കും. ഖനന, ധാതുമേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലഭ്യമായ വാഗ്ദാനമായ അവസരങ്ങൾ അവലോകനം ചെയ്യുന്നതിനും സമ്മേളനം സുപ്രധാന വേദിയൊരുക്കും.
ഈ സുപ്രധാന മേഖലയിൽനിന്ന് പരമാവധി സാമ്പത്തികവും സാമൂഹികവുമായ നേട്ടം കൈവരിക്കുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഖനന മന്ത്രി പറഞ്ഞു. 2024 ജനുവരിയിലാണ് മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നത്. 133 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപ നേതാക്കൾ, പ്രധാന ഖനന കമ്പനികളുടെ മേധാവികൾ, ഈ മേഖലയിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 14,000 ത്തിലധികം പേർ അതിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഉന്നത മന്ത്രിമാരും അംബാസഡർമാരും പ്രതിനിധി സംഘത്തലവന്മാരും ഉൾപ്പെടെ 250 പ്രഭാഷകർ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി സർക്കാർ ഏജൻസികളും പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും തമ്മിൽ ഖനന വ്യവസായമേഖലയിൽ 7,500 കോടി റിയാലിലധികം മൂല്യമുള്ള 75 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.