റിയാദ്: ഗസ്സക്ക് കിഴക്ക് അൽദരജ് പരിസരത്ത് കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്ന അൽ-താബൈൻ സ്കൂളിന് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായേൽ തുടർച്ചയായി അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും മാനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ഇത് വലിയ മാനുഷിക ദുരന്തമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗസ്സയിൽ അരങ്ങേറുന്നത് കൂട്ടക്കൊലപാതകങ്ങളാണ്. ഇതിനിയും തുടരാൻ അനുവദിച്ചുകൂടാ. എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേലിനെ ഉത്തരവാദിയാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്. അതിനെയും ശക്തമായി അപലപിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച പുലർച്ചയാണ് ഗസ്സ സിറ്റിയിലെ അൽദറാജ് പരിസരത്തുള്ള അൽ-താബൈൻ സ്കൂളിൽ കുടിയിറക്കപ്പെട്ട ജനങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയത്. നൂറിലധികം ആളുകൾ രക്തസാക്ഷികളാവുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഗസ്സ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണിത്.
മക്ക: ഗസ്സ സിറ്റിക്ക് കിഴക്ക് അൽദരജ് പരിസരത്ത് കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്ന അൽ-താബൈൻ സ്കൂളിൽ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. ഇത് നൂറുകണക്കിന് ആളുകളുടെ മരണത്തിനും ഡസൻ കണക്കിന് ആളുകളുടെ പരിക്കിനും കാരണമായി.
സാധാരണ ജനങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കുമെതിതെ തുടരുന്ന ഭയാനകവും ക്രൂരവുമായ കുറ്റകൃത്യത്തെ അപലപിക്കുന്നുവെന്ന് മുസ്ലിം വേൾഡ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പറഞ്ഞു.
ഇത് എല്ലാ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇസ്രായേൽ ഗവൺമെന്റിന്റെ യുദ്ധയന്ത്രം തുടരുന്ന ഈ കൂട്ടക്കൊലകൾ തടയാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര പ്രതികരണമുണ്ടാകണം.
നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ആസൂത്രിത കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും മുസ്ലിം വേൾഡ് സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.