ദമ്മാം: റമദാൻ രാവുകളെ ചരിത്രമധുരവും മഹനീയവുമായ സാഹിത്യ ചർച്ചകളാൽ സമ്പന്നമാക്കി സാംസ്കാരിക സദസ്സ് ഒരുക്കി ഇത്റ. യാത്ര, ഫോട്ടോഗ്രഫി, ചരിത്രം എന്നിങ്ങനെ മൂന്നു മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സംസ്കാരിക ചർച്ചകളാണ് ദഹ്റാനിലെ വേൾഡ് കൾചറൽ സെന്ററിൽ നടക്കുന്നത്. യാത്രാസാഹിത്യം എന്ന വിഷയത്തിലാണ് ആദ്യം നടന്ന ചർച്ച. കാലത്തിന്റെ ഗഹനതകളിലേക്ക് കടന്നുപോയ യാത്രികർ കണ്ടെത്തിയ അതിമനോഹരമായ അനുഭവങ്ങളുടെ വിവരണങ്ങളായിരുന്നു ഇതിൽ.
പുതുതായി കണ്ടെത്തിയ ചരിത്ര നിർമിതികളും കൊത്തുപണികളും പരിചയപ്പെടുത്തിയത് ആധുനിക യാത്രികർക്ക് ഏറെ പ്രയോജനകരമായി. സാഹിത്യത്തിൽ ഇടംപിടിച്ച യാത്രികരുടെ സാഹസികതകളും അനുഭവങ്ങളും ഉദ്യേഗജനകമായ അനുഭവമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.സിറിയൻ എഴുത്തുകാരനും കവിയുമായ നൂറി അൽ ജറഹ്, യാത്രാസാഹിത്യത്തിനുള്ള ഇബ്നു ബത്തൂത്ത അവാർഡിന്റെ സൂപ്രണ്ട് അബ്ദുല്ല അൽ ഖുദയ്യർ, മൊറോക്കൻ നോവലിസ്റ്റ് ഷുഐബ് ഹാലിഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് അൽ ജറഹിന്റെ ‘ദ സ്റ്റോൺ സർപൻറ്’, അൽ ഖുദയ്യറിന്റെ ‘എസ്ട്രാഞ്ച്മെൻറ് വിത്ത് ദ ടേസ്റ്റ് ഓഫ് കർത്താല’, ഹാലിഫിയുടെ ‘ഭാവനയെ ഭയപ്പെടാത്ത യാത്രകൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.രണ്ടാമത്തെ പാനൽ ചർച്ചയിൽ ട്രാവൽ ഫോട്ടോഗ്രാഫർ ഹുസൈൻ ദഗ്രിരിക്കൊപ്പം സഞ്ചാരികളായ തവാബ് അൽസുബൈയും സൗദ് അൽ ഈദിയും പങ്കെടുത്തു. ‘ഒരു സ്ഥലത്തിന്റെ ഓർമ’ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ യാത്ര ചെയ്യുന്നതിനുള്ള വ്യത്യസ്ത സമീപനങ്ങളെക്കുറിച്ച് മൂവരും വിശദീകരിച്ചു.
മൂന്നാമത്തെ സെഷനിൽ, ഗ്രന്ഥകാരനും ചരിത്രകാരനുമായ സുലൈമാൻ അൽ തീബ്, ചരിത്ര ഗവേഷകൻ മിഷാരി അൽ നഷ്മി, എഴുത്തുകാരനും പത്രപ്രവർത്തകനുമായ അലി സാലെഹ് എന്നിവർ ‘നഗരങ്ങളുടെ കഥകൾ: പൈതൃകവും ചരിത്രവും’ എന്ന തലക്കെട്ടിൽ ചർച്ച ചെയ്തു. സന്ദർശകർക്ക് ‘ഹിജ്റ എക്സിബിഷ’ന്റെ വെർച്വൽ ടൂറും അനുഭവവേദ്യമാകും. മുഹമ്മദ് നബിയുടെ ഹിജ്റ യാത്രയെ ആധുനിക വീക്ഷണകോണിൽ ചിത്രീകരിച്ചതാണ് ‘ഹിജ്റ എക്സിബിഷൻ’.
ഇത്റയിൽ സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന റമദാൻ പരിപാടിയാണ് ‘ഒയാസിസ് കൾച്റൽ മജ്ലിസ്’. രാത്രി 10 മുതൽ അർധരാത്രി വരെ നീളുന്ന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹിജ്റ എക്സിബിഷനിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. ഇവിടെ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളും സന്ദർശകർക്ക് സൗജന്യമായി വിതരണം ചെയ്യും. റമദാന്റെ രാവുകൾ പൈതൃകവും അറിവും അത്ഭുതവും സമന്വയിച്ച മനോഹര അനുഭവമാക്കുക എന്നതാണ് കൾചറൽ ഒയാസിസിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.