ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരുടെ തിക്കുംതിരക്കും ഉണ്ടാവാനും വിമാന സർവിസുകൾ താറുമാറാവാനും ഇടയായതിനെ കുറിച്ച് അന്വേഷിക്കാൻ സൗദി ഗതാഗത വകുപ്പ് മന്ത്രി സ്വാലിഹുൽ ജാസിർ ഉത്തരവിട്ടു. സിവിൽ ഏവിയേഷൻ മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി ചുമതലപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കുംതിരക്കും അന്താരാഷ്ട്ര വിമാനങ്ങളുടെ സർവിസുകളുടെ താളംതെറ്റലും അതിനുള്ള കാരണങ്ങളുമാണ് സമിതി അന്വേഷിക്കുക. സാധാരണ സംഭവിക്കാത്ത തിരക്കിനും സർവിസുകളുടെ താളപ്പിഴവിനും എന്താണ് കാരണമെന്നതാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരിക. ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടും അത് പരിഹരിക്കാൻ കഴിയാത്ത സാഹചര്യവും ആരാണ് ഉത്തരവാദികളെന്നതും അന്വേഷിക്കും. കുറ്റമറ്റ സേവനങ്ങൾ വിമാനയാത്രക്കാർക്ക് നൽകാൻ എന്ത് സൗകര്യങ്ങളാണ് ഇനിയും ഒരുക്കേണ്ടതെന്ന വിഷയങ്ങളും പഠിച്ച് അവതരിപ്പിക്കാൻ അന്വേഷണ സമിതിക്ക് നിർദേശമുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
മലയാളികളടക്കം ഉംറ തീർഥാടകരാണ് വിമാനത്താവളത്തിലുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ട് ദുരിതം അനുഭവിച്ചത്. ഇങ്ങനെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ വിമാനങ്ങളുടെ സർവിസ് താളംതെറ്റലിൽ പെട്ട് ഒരു ദിവസത്തോളം വിമാനത്താവളത്തിൽ കഴിച്ചുകൂേട്ടണ്ട സാഹചര്യമുണ്ടായി. പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ ഭക്ഷണം ലഭിക്കാതെയും വിശ്രമിക്കാൻ കഴിയാതെയും ദുരിതം നേരിട്ടിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് തീർഥാടകരുടെ ഒരുമിച്ചുള്ള മടക്കവും ചില വിമാനങ്ങളുടെ വൈകലും കാരണമാണ് പ്രതിസന്ധി ഉടലെടുത്തത്.
മലയാളികളുൾപ്പെടെ നിരവധി തീർഥാടകർ ഏറെ ആശങ്കയിലായിരുന്നു. പലർക്കും മണിക്കൂറുകൾ വൈകിയാണ് യാത്ര ചെയ്യാനായത്. യാത്ര പോകേണ്ടുന്ന വിമാനത്തിന്റെ ബോഡിങ് പാസ് കിട്ടാതെയും വിമാനത്താവളത്തിന് അകത്ത് കയറാൻ പറ്റാതെയുമാണ് മിക്കവരും പുറത്തായി ദുരിതത്തിലായത്. ചിലർക്ക് ലഗേജുകൾ ഇല്ലാതെ വിമാനത്തിൽ യാത്ര ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് ഏറെക്കുറെ ഷെഡ്യൂളുകൾക്ക് അനുസൃതമായി തന്നെ വിമാന സർവിസുകൾ നടക്കുന്നുണ്ട്. സലാം എയർലൈൻസ് വിമാനത്തിൽ മസ്കറ്റ് വഴി തിരുവനന്തപുരത്തേക്കുള്ള 23ഉം ഇൻഡിഗോ വിമാനത്തിൽ നേരിട്ട് കോഴിക്കോേട്ടക്ക് പോകേണ്ട 45ഉം യാത്രക്കാരാണ് പ്രതിസന്ധിയിലായവരിലെ മലയാളി തീർഥാടകർ. ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് പോകേണ്ട ഇവർക്കെല്ലാം ബുധനാഴ്ച രാത്രി വൈകിയും വ്യാഴാഴ്ച പുലർച്ചെയുമായാണ് യാത്ര ചെയ്യാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.