ജിദ്ദ: ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച പ്രതിനിധി സഭ സംഗമം പ്രവാസി മലയാളികളുടെ പരിഛേദമായി. കേരളത്തിലെ 14 ജില്ലയിൽ നിന്നായി നൂറിൽപരം പ്രതിനിധികൾ സംഗമത്തിൽ പങ്കാളികളായി. ജിദ്ദയിലെ ജില്ല കൂട്ടായ്കളുടെ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളുമാണ് പൗരാവലി പ്രതിനിധി സഭയുടെ ഭാഗമായി മാറിയത്.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പുതിയ വിസയിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാര്യക്ഷമമായി ഇടപെടണമെന്ന് ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ പല ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ കൂടുതൽ വി.എഫ്.എസ് കേന്ദ്രങ്ങൾ അനുവദിക്കാനും കൂടുതൽ ബയോമെട്രിക് ഉപകരണങ്ങൾ സ്ഥാപിക്കാനും മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും പ്രതിനിധി സഭയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗം അഹമ്മദ് ഷാനിയാണ് പ്രമേയം അവതരിപ്പിച്ചത്. ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും പ്രവർത്തിച്ചുകൊണ്ടിരിക്കെ മരിച്ച സീക്കോ ഹംസയുടെ നിര്യാണത്തിൽ അനുശോചിച്ചു. എക്സിക്യൂട്ടീവ് അംഗം ഹിഫ്‌സുറഹ്മാൻ അനുശോചന സന്ദേശം വായിച്ചു.
ജിദ്ദ പൗരാവലിയുടെ ലക്ഷ്യവും നയവും ചെയർമാൻ കബീർ കൊണ്ടോട്ടി വിശദീകരിച്ചു. ജിദ്ദ കേരള പൗരാവലി 'തുടക്കം മുതൽ ഇതുവരെ' എന്ന വിഷയം അസീസ് പട്ടാമ്പി അവതരിപ്പിച്ചു. പ്രതിനിധി സഭയിൽ 14 ജില്ലകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ വിവിധ പ്രതിനിധികൾ സദസ്സുമായി പങ്കുവെച്ചു.
റാഫി ബീമാപള്ളി ചർച്ചകൾ നിയന്ത്രിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത് പ്രോഗ്രാം കൺവീനറായിരുന്നു. വേണുഗോപാൽ അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കൽ, ഹസ്സൻ കൊണ്ടോട്ടി, ഷിഫാസ് തൃശൂർ, നൗഷാദ് ചാത്തല്ലൂർ, അലവി ഹാജി, ഷഫീഖ് കൊണ്ടോട്ടി, ബാബു കല്ലട എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.