ജിദ്ദ: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബിന്റെ (യു.ടി.എസ്.സി) ആഭിമുഖ്യത്തിൽ ജിദ്ദയിലെ പ്രതിഭകളായ കുരുന്നുകളെ അണിനിരത്തി സ്പാനിഷ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു . ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ അക്കാദമികളായ ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്സ്, ടാലെന്റ് ടീൻസ്, അമിഗോസ് സ്പോർട്ടിങ് യുനൈറ്റഡ് എന്നീ ടീമുകൾ 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള വിദ്യാർഥികളുടെ വിവിധ വിഭാഗങ്ങളിൽനിന്ന് എട്ട് ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ആവേശം നിറഞ്ഞ നോക്കാട്ട് ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ 12 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ജെ.എസ്.സി സോക്കർ അക്കാദമി ടാലന്റ് ടീൻസിനെ തോൽപിച്ച് ജേതാക്കളായി. 14 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ സോക്കർ ഫ്രീക്സിനെ തോൽപിച്ച് അമിഗോസ് സ്പോർട്ടിങ് യുണൈറ്റഡ് ടീമാണ് ജേതാക്കളായത്. ലൂസേസ് ഫൈനലിൽ 12 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ അമിഗോസ് ടീമും 14 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ജെ.എസ്.സി ടീമും മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ വേറിട്ട പ്രകടനത്തിനാണ് ജിദ്ദയിലെ കായികപ്രേമികൾ സാക്ഷ്യം വഹിച്ചത്. ജിദ്ദ സ്പാനിഷ് ക്ലബ്ബിൽ തടിച്ചുകൂടിയ രക്ഷിതാക്കളും കുട്ടികളും കായികപ്രേമികളും ഹർഷാരവത്തോടെയാണ് കുരുന്നുകളുടെ പ്രകടനം എതിരേറ്റത്.
ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ അൽ അഹ്ലിയിലേക്ക് സെലക്ഷൻ കിട്ടിയ ജെ.എസ്.സിയുടെ എയിസൻ അനസിനെ ചടങ്ങിൽ ആദരിച്ചു. 12 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി ടാലന്റ് ടീൻസിന്റെ മുഹമ്മദ് സിയാനെയും മികച്ച ഡിഫെൻഡറായി ജെ.എസ്.സിയുടെ ആരവിനെയും മികച്ച ഫോർവേഡായി ജെ.എസ്.സിയുടെ എയിസൻ അനസിനെയും തിരഞ്ഞെടുത്തു. ഫൈനലിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും ജെ.എസ്.സിയുടെ കൊച്ചു പ്രതിഭ ഏയ്സൻ അനസ്സിനു ലഭിച്ചു. ടൂർണമെന്റിന്റെ താരമായി ജെ.എസ്.സിയുടെ അഹമ്മദ് റോഷനെ തിരഞ്ഞെടുത്തു. 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി സോക്കർ ഫ്രീക്സിന്റെ സഹലിനെയും മികച്ച ഡിഫൻഡറായി അമിഗോസിന്റെ അമീൻ അബ്ദുല്ലയെയും മികച്ച ഫോർവേഡായി അമിഗോ സിന്റെ അബ്ദുൽ റസാഖിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി അമിഗോസ് സ്പോർട്ടിങ് യുനൈറ്റഡ് ടീമിന്റെ അബ്ദുൽ റസാഖിനെ തിരഞ്ഞെടുത്തു. നിസാർ കുന്നുംപുറം, ആസിഫ് മമ്പാട് എന്നിവരാണ് ടൂർണമെന്റിലെ മുഴുവൻ കളികളും നിയന്ത്രിച്ചത്. യൂ.ടി.എസ്. സി യുടെ മുഴുവൻ അംഗങ്ങളും മത്സര പരിപാടികൾക്കും സമ്മാനദാന ചടങ്ങിനും നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.