റിയാദ്: ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നിർഭരമായ വിജയമാണ് കർണാടകയിലെ ജനങ്ങൾ നിയസഭ തെരഞ്ഞെടുപ്പിലൂടെ നൽകിയതെന്നു മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ സംഘ്പരിവർ ശക്തികളെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്ത ബോധ്യത്തോടുള്ള രാഷ്ട്രീയ നയമാണ് മുസ്ലിം ലീഗ് നടത്തിയത്.
രാജ്യവ്യാപകമായി സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയും ഉത്തരവാദിത്തവുമാണ്. അതിനുവേണ്ടി മറ്റെല്ലാ താൽപര്യങ്ങൾക്കും ഉപരി രാജ്യത്തിന്റെ വിശാലമായ താൽപര്യം മുന്നിൽ കണ്ടുകൊണ്ടാണ് മുസ്ലിം ലീഗ് പ്രവർത്തിച്ചതെന്ന് റിയാദിൽ കണ്ണൂർ ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച റിബാത് എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മുസ്ലിം ലീഗ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. എന്നാൽ മത ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾക്ക് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സമുദായത്തിനകത്തെ തീവ്ര ചിന്താഗതിയുള്ള ചില സംഘടനകൾ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങളും കോൺഗ്രസിനെ പരാജയപ്പെടുത്താൻ ജെ.ഡി.എസ്സുമായി കൂട്ടുചേർന്ന് സി.പി.എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ശ്രമങ്ങളും പരിഹാസ്യമായതും ഈ തെരഞ്ഞെടുപ്പിലെ പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
വി.കെ. അബ്ദുൽ ഖാദർ മൗലവി നഗറിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല കെ.എം.സി.സി ഇ. അഹമ്മദ് മാനവസേവ അവാർഡുകൾ ബ്ലാത്തൂർ അബൂബക്കർ ഹാജി, പി.പി. അബൂബക്കർ മാങ്കടവ്, വി.എം. സാദിഖ് എന്നിവർക്ക് സമ്മാനിച്ചു. യു.പി. മുസ്തഫ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ മജീദ് പയ്യന്നൂർ ഹരിത സ്പർശം പദ്ധതി പ്രഖ്യാപിച്ചു. ജില്ല പ്രതിനിധികൾക്കുള്ള എക്സിക്യൂട്ടിവ് ക്യാമ്പ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീറലി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
സന്നദ്ധ പ്രവർത്തകരായ അൻവർ വാരം, മഹബൂബ് ചെറിയ വളപ്പിൽ, മുഹമ്മദ് കണ്ടക്കയ്, ഇർഷാദ് കായക്കൂൽ, ഹുസൈൻ കുപ്പം, ഷമീർ തിട്ടയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റസാഖ് വളക്കൈ, യാക്കൂബ് തില്ലങ്കേരി, വി.സി. അഷ്കർ, അബ്ദുൽ റഹ്മാൻ കൊയ്യോട് എന്നിവർ സംസാരിച്ചു. പി.ടി.പി. മുക്താർ സ്വാഗതവും സൈഫു വളക്കൈ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.