റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ഘടകം ‘ബ്രാൻഡ് യു’ എന്ന പേരിൽ കരിയർ ഇല്യൂമിനേഷൻ സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടെ ആരംഭിച്ച പരിപാടി പുതുതലമുറ എൻജിനീയർമാർക്ക് തൊഴിലിൽ മികവ് പുലർത്താനുള്ള കഴിവ് വികസിപ്പിക്കുന്നതിനുള്ള വിവിധ പാഠങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.
ആദ്യ സെഷൻ അവതരിപ്പിച്ച എൻജി. സുകുൽ അബ്ദുല്ല സി.വി തയാറാക്കാൻ വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും സമർപ്പിച്ച സാമ്പിൾ സി.വികൾ അവലോകനം ചെയ്യുകയും ചെയ്തു. ഇർഫാൻ സയ്യിദ് (ഇൻഫോസിസ് ൈക്ലൻറ് പാർട്ണർ) സാങ്കേതിക വിദ്യയുടെ ഭാവി പ്രവണതകളെപ്പറ്റി, വിശിഷ്യാ നിർമിതബുദ്ധിയെയും അതിന്റെ വൈവിധ്യ പ്രയോഗതലങ്ങളെക്കുറിച്ചും അറിവുകൾ പങ്കിട്ടു.
‘ടോസ്റ്റ്മാസ്റ്റേഴ്സ്’ പരിശീലനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്താൻ വ്യക്തികളെ എങ്ങനെ സഹായിക്കുന്നു എന്നു സംവേദനാത്മക സെഷനിലൂടെ എൻജി. റിയാസ് ഇബ്രാഹിംകുട്ടി വിശദീകരിച്ചു.
സെഷനുകൾ വളരെയധികം സഹായകമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിന് എൻജിനീയർമാരെ ശാക്തീകരിക്കുന്നതിന് വ്യത്യസ്ത പരിപാടികൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന് കെ.ഇ.എഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.