ദമ്മാം: ഒറ്റ ദിവസം കൊണ്ട് തെൻറ പ്രിയതമ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ പ്രിയംകരിയായി മാറിയതിൽ വിസ്മയഭരിതനായി കടലിനിക്കരെ ദിലീപ്. ദിവസങ്ങളായി വീഡിയോ കോൾ വഴി താൻ കൊടുത്ത നിർദേശങ്ങൾ ഉൾക്കൊണ്ടും ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്തിയും ഭാര്യ നടത്തിയ വിക്ടേഴ്സ് ചാനലിലെ പ്രകടനം എല്ലാവരേയും ഒരു പോലെ ആകർഷിച്ചതിെൻറ നിർവൃതിയിലാണ് ദിലീപ്.
ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് മിട്ടുപ്പൂച്ചയുടേയും തങ്കുപ്പൂച്ചയുടേയും കഥ പറഞ്ഞ് കൊടുത്ത് കേരളത്തിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടേയും രക്ഷിതാക്കളുടേയും ഹൃദയത്തിൽ ചേക്കേറിയ സായിശ്വേതയുടെ ഭർത്താവാണ് ദമ്മാമിലെ നുജൂം മീഡിയ വിഷനിൽ ജോലിചെയ്യുന്ന ദിലീപ്. വടകര കല്ലേലി, പുറമേരി സ്വദേശി പനയുള്ളത്തിൽ ദിലീപിെൻറ ഭാര്യയായി ശ്വേത സായി എത്തുന്നത് മൂന്ന് വർഷം മുമ്പാണ്.
കഴിഞ്ഞ വർഷം ദമ്മാമിൽ സായിശ്വേത ഒരു വർഷത്തോളം ഭർത്താവിനോടൊപ്പമുണ്ടായിരുന്നു. മുതുപടത്തുർ പി.ബി എൽ.പി സ്കൂളിൽ അധ്യാപികയായി എത്തിയിട്ട് ഒരു വർഷം കഴിയുന്നതേയുള്ളു. അതിനുള്ളിൽ തന്നെ സായിേശ്വത കുട്ടികളുടെ പ്രിയംകരിയായിക്കഴിഞ്ഞിരുന്നു. ടി.ടി.സിക്കാരിയായ സായിശ്വേത കൈവെക്കാത്ത മേഖലകളില്ല. ഒട്ടന്തുള്ളൽ, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, മോണോ ആക്ട് എന്നുവേണ്ട സർവമേഖലയിലും സായി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
കലാഭിരുചിയുള്ള അധ്യാപകരുടെ കൂട്ടായ്മയായ ‘സർഗ വസന്തം’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ് സായിശ്വേത. പഠിപ്പിക്കുന്ന രീതി ഒരിക്കൽ വീഡിയോവിൽ പകർത്തി ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. അത് കലാധരൻ എന്ന അധ്യാപകനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം നേരിട്ടാണ് സായിശ്വേതയെ ആദ്യ ക്ലാസെടുക്കാൻ തെരഞ്ഞെടുത്തത്. ഇൗ അവധിക്കാലത്ത് നാട്ടിലെത്താമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാതെ ലോക് ഡൗണിൽ കുടുങ്ങി സൗദിയിലായിപ്പോയ ദിലീപ് പക്ഷെ ഭാര്യക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. നിത്യവും ഈ പാഠഭാഗങ്ങൾ ദിലീപിനുവേണ്ടി വീഡിയോ കോളിലൂടെ സായിശ്വേത അവതരിപ്പിച്ചു.
കാമറ വിദഗ്ധനായ ദിലീപ് അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടും. കാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. നാട്ടിൽ സ്വന്തമായി നൃത്തവിദ്യാലയം കൂടി സായിശ്വേത നടത്തുന്നുണ്ട്. ടിക്ടോക് വീഡിയോകളും ശ്രദ്ധേയമാണ്. ഒറ്റദിവസം കൊണ്ട് കേരളത്തിെൻറ പ്രിയംകരിയായി മാറിയ ഭാര്യയുടെ നേട്ടം കണ്ട് മനസറിഞ്ഞ് ആഹ്ലാദിക്കുകയാണ് ദിലീപ്. സായിടീച്ചർ പഠിപ്പിക്കുന്ന സ്കുളിൽ പോയാൽ മതിയെന്ന് കുട്ടികൾ വാശിപിടിക്കുന്നുവെന്ന് ചില രക്ഷിതാക്കൾ വിളിച്ചു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയതായും ദിലീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.