ഇസ്​ലാമിക സേവനത്തിനുള്ള ഫൈസൽ അവാർഡ് നേടിയ ഡോ. ചോയ് യങ് കിൽ ഹാമിദ്, ശൈഖ്​ നാസർ ബിൻ അബ്​ദുല്ല അൽസാബി 

കിങ്​ ഫൈസൽ അവാർഡുകൾ പ്രഖ്യാപിച്ചു

ജിദ്ദ: 2023ലെ കിങ്​ ഫൈസൽ അവാർഡ്​ ജേതാക്കളെ പ്രഖ്യാപിച്ചു. മക്ക ഗവർണറും കിങ്​ ഫൈസൽ അന്താരാഷ്​ട്ര അവാർഡ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ്​ അൽഫൈസലി​ന്റെ സാന്നിധ്യത്തിലാണ്​ ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്​. ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യം, ശാസ്​ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ്​ പുരസ്കാരം. സെലക്ഷൻ കമ്മിറ്റി നിരവധി സെഷനുകൾ ചേർന്നാണ്​ ജേതാക്കളെ തെരഞ്ഞെടുത്തതെന്ന്​ അവാർഡ്​ ജനറൽ സെക്രട്ടറി ​ഡോ. അബ്​ദുൽ അസീസ്​ അൽസബീൽ പറഞ്ഞു.

ഡോ. റോബർട്ട് ഹില്ലെൻബ്രാൻഡ്​ (ഇസ്​ലാമിക വാസ്​തുവിദ്യ), ഡോ. ഡാൻ ഹൂൺ ബോറോ, ഡോ. സാറാ കാതറിൻ ഗിൽബർട്ട്​ (വൈദ്യശാസ്​ത്രം)

ഇസ്​ലാമിക സേവനങ്ങൾക്കുള്ള അവാർഡ്​ രണ്ടുപേർക്കാണ്​ ലഭിച്ചത്​. കൊറിയയിലെ ഫോറിൻ സ്​റ്റഡീസിനായുള്ള മിയോങ്ജി, ഹാൻകുക്ക് സർവകലാശാലകളിലെ ഇസ്‌ലാമിക് സ്​റ്റഡീസ് മുൻ പ്രഫസറും കൊറിയൻ ഇസ്‌ലാമിക് ഹിബ ഫണ്ട്​ ചെയർമാനുമായ ഡോ. ചോയ് യങ് കിൽ ഹാമിദ്, ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട്​ സ്ഥിര കൗൺസിൽ ചെയർമാനും ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് നൈജർ ട്രസ്​റ്റി ബോർഡ് ചെയർമാനുമായ ശൈഖ്​ നാസർ ബിൻ അബ്​ദുല്ല അൽസാബി എന്നിവരാണ് ഇസ്​ലാമിക സേവനത്തിനുള്ള​ അവാർഡ്​ പങ്കിട്ടത്​.

ഡോ. ചാഡ് അലക്‌സാണ്ടർ മെർകിൻ, ഡോ. ജാക്കി യി-റോ യിങ് (ശാസ്​ത്രം), ഡോ. അബ്​ദുൽ ഫത്താഹ് കിലിറ്റോ (അറബി ഭാഷയും സാഹിത്യവും)

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സുപ്രധാന ഭാഗങ്ങളെ കുറിച്ചുള്ള അറിവ്​ കൈമാറ്റം ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചതാണ്​​ ഡോ. ചോയ് യങ് കിൽ ഹാമിദിനെ അവാർഡിന്​ അർഹനാക്കിയത്​. ഖുർആ​ന്റെ പരിഭാഷയുൾപ്പടെ നിരവധി ഇസ്​ലാമിക ഗ്രന്ഥങ്ങൾ കൊറിയൻ ഭാഷയിലേക്ക്​ വിവർത്തനം ചെയ്​തിട്ടുണ്ട്​​. ഇസ്​ലാമിനെ പരിചയപ്പെടുത്തുന്നതിനും അറബി ഭാഷാപഠനത്തിനും നിരവധി കോഴ്​സുകളും പ്രഭാഷണങ്ങളും നടത്തി​. ഏഷ്യാ ഭൂഖണ്ഡത്തിലെ പ്രമുഖ മതപ്രഭാഷകരിൽ ഒരാളായാണ് ഡോ. ഹാമിദ്​ കണക്കാക്കപ്പെടുന്നത്.


അമീർ ഖാലിദ്​ അൽഫൈസലും ​ഡോ. അബ്​ദുൽ അസീസ്​ അൽസബീലും കിങ്​ ഫൈസൽ അവാർഡുകൾ ​പ്രഖ്യാപിക്കുന്നു

നിരവധി ചാരിറ്റബിൾ അസോസിയേഷനുകളിലും സ്ഥാപനങ്ങളിലും അംഗത്വത്തിലൂടെ ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതാണ്​ ശൈഖ്​ നാസർ ബിൻ അബ്​ദുല്ല അൽസാബിയെ അവാർഡിന്​ അർഹനാക്കിയത്​. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോൺഫറൻസുകളും ഫോറങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്​തു. അതി​ന്റെ ഫലമായി നിരവധി ഇസ്​ലാമിക കേന്ദ്രങ്ങൾ, സ്​കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, കുഴൽ കിണറുകൾ എന്നിവ ഒരുക്കുകയും ആയിരക്കണക്കിന് അനാഥരെ സംരക്ഷിക്കുകയും ചെയ്തു. നിരവധി ഡാമുകളും കാർഷിക പദ്ധതികളും ഒരുക്കി. ആഫ്രിക്കയിലെ പല ദരിദ്രർക്കും അദ്ദേഹത്തി​ന്റെ ശ്രമങ്ങളുടെ ഫലം ലഭിച്ചു.

ഇസ്​ലാമിക പഠനത്തിനുള്ള കിങ്​ ഫൈസൽ അവാർഡ്​ ബ്രിട്ടീഷുകാരനായ സ്​കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ പ്രഫസർ ഡോ. റോബർട്ട് ഹില്ലെൻബ്രാൻഡിന് നൽകാനാണ്​ തീരുമാനം. ‘ഇസ്‌ലാമിക് ആർക്കിടെക്ചർ’ എന്ന വിഷയത്തിലാണ്​ ഈ വർഷത്തെ പുരസ്‌കാരം. അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള കിങ്​ ഫൈസൽ അവാർഡ്​ ‘ക്ലാസിക്കൽ അറബിക് ആഖ്യാനവും ആധുനിക സിദ്ധാന്തങ്ങളും’ എന്ന വിഷയത്തിൽ മൊറോക്കൻ പൗരനായ ഡോ. അബ്​ദുൽ ഫത്താഹ് കിലിറ്റോക്കാണ്​. റബാത്തിലെ മുഹമ്മദ് വി സർവകലാശാലയിലെ പ്രഫസറാണ് ഇദ്ദേഹം.

വൈദ്യശാസ്​ത്രത്തിനുള്ള അവാർഡ്​ രണ്ട്​ പേർക്കാണ്​. ‘പകർച്ചവ്യാധികളും വാക്‌സിൻ വികസിപ്പിക്കലും’ എന്ന വിഷയത്തിൽ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ പ്രഫസറും അമേരിക്കൻ പൗരനുമായ ഡോ. ഡാൻ ഹൂൺ ബോറോക്കും ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി പ്രഫസറും ബ്രിട്ടീഷ്​ പൗരയുമായ ഡോ. സാറാ കാതറിൻ ഗിൽബർട്ടിനുമാണ്​. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ നിർണായകമായ വാക്സിനുകളുടെ പഠനത്തിനും വികസിപ്പിക്കലിനും ഗണ്യമായ സംഭാവനകൾ നൽകിയതിനാണ്​ അവാർഡ്​.

ശാസ്​ത്ര ശാഖയിൽ രസതന്ത്ര വിഷയത്തിൽ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറും അമേരിക്കൻ പൗരയുമായ ഡോ. ജാക്കി യി-റോ യിങ്​, അമേരിക്കയിലെ നോർത്ത് വെസ്‌റ്റേൺ യൂനിവേഴ്‌സിറ്റിയിലെ പ്രഫസർ ഡോ. ചാഡ് അലക്‌സാണ്ടർ മെർകിൻ എന്നിവർ പുരസ്​കാരത്തിന്​ അർഹരായി. പുരസ്കാര ജേതാക്കളെ കിങ്​ ഫൈസൽ അവാർഡ്​ ജനറൽ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ, നോമിനേഷൻ സംഘടനകൾ, സർവകലാശാലകൾ, ശാസ്​ത്ര സ്ഥാപനങ്ങൾ എന്നിങ്ങനെ സഹകരിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.


Tags:    
News Summary - King Faisal Awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.