ദമ്മാം: ക്വാറന്റീൻ പാക്കേജിൽ അമിത തുക ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ ദമ്മാമിലെ കാലിക്കറ്റ് എയർപോർട്ട് യൂസേഴ്സ് ഫോറം (കോഫ്).
രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനുള്ള സൗദി ഗവൺമെൻറിനെറ അനുമതി ലഭിച്ചതോടെയാണ് നാട്ടിലെ വിമാനക്കമ്പനികളും ബന്ധപ്പെട്ട ഏജൻസികളും അമിത നിരക്ക് ഇടാക്കുകയും വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യൽ ആരംഭിച്ചത്. ഭീമമായ തുക നൽകി സൗദിയിലെത്തുന്ന പ്രവാസികൾക്ക് നിലവാരമില്ലാത്ത താമസ സൗകര്യവും ഭക്ഷണവുമാണ് ലഭിക്കുന്നതെന്ന് പരാതിയുമുണ്ട്. നാട്ടിലെ ഈ വിമാന ക്കമ്പനികളുടെയും ഏജന്റുമാരുടെയും ഭീമമായ ചാർജ് ഈടാക്കുന്നതിനെതിരെയും അവർ ഈടാക്കുന്ന തുകക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിലും കേന്ദ്ര വ്യോമയാന വകുപ്പിനും കേരള സർക്കാറിനും പരാതി നൽകുമെന്ന് കോഫ് ഭാരവാഹികൾ വ്യക്തമാക്കി.
നാട്ടിൽ നിന്ന് ടിക്കറ്റും ക്വാറന്റീനും ബുക്ക് ചെയ്താൽ 24 മണിക്കൂർ മുമ്പാണ് ഹോട്ടലുകളുടെ വിവരങ്ങൾ നൽകുന്നത്. അവസാന നിമിഷം അതു സ്വീകരിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ യാത്രക്കാർക്ക് ഇല്ലാതാകുന്നു. ഇത്തരത്തിലുള്ള ചതിയിൽപെടാതിരിക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിനു അടിയന്തരമായി ഈ വിഷയം ഇന്ത്യ ഗവൺമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കോഫ് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളോട് ഈടാക്കുന്ന തുകക്ക് അനുസരിച്ചുള്ള ഹോട്ടലും ഭക്ഷണവും ലഭിക്കുന്നതിനു വേണ്ടിയും അമിത ചാർജ് ഈടാക്കി ലാഭം കൊയ്യുന്നതിനെതിരെയും നടപടി ഉണ്ടാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കോഫ് കോർ കമ്മിറ്റി യോഗത്തിൽ ചെയർമാൻ അഹമ്മദ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ദർശന ടി.വി അസിസ്റ്റന്റ് സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ആലിക്കുട്ടി ഒളവട്ടൂരിനെ കോഫ് ഭാരവാഹികൾ അഭിനന്ദിച്ചു. ജമാൽ വില്യാപ്പള്ളി, ഹബീബ് ഏലംകളം, ആലിക്കുട്ടി ഒളവട്ടൂർ, ഫിറോസ് ഹൈദർ, മുഹമ്മദ് നജാത്തി, റഫീഖ് കുട്ടിലങ്ങാടി, മുജീബ് കളത്തിൽ, നാസർ അണ്ടോണ, അസ്ലം ഫറോക് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ ടി.പി.എം. ഫസൽ സ്വാഗതവും റസാഖ് തെക്കേപ്പുറം നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.