പ്രശാന്ത്​ എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിയപ്പോൾ

എട്ടുമാസമായി സൗദിയിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

ജീസാൻ: രോഗബാധിതനായി കഴിഞ്ഞ എട്ടുമാസമായി ജീസാനിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി പ്രശാന്ത് ഗോപാല പിള്ളയെ നാട്ടിലെത്തിച്ചു. ജീസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനവും ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ മാനുഷിക ഇടപെടലുമാണ് പ്രശാന്തിന്‌ നാട്ടിലേക്കുള്ള വഴി തുറന്നത്​. ബുധനാഴ്​ച വൈകീട്ട്​ ജീസാൻ വിമാനത്താവളത്തിൽ നിന്നും സ്‌ട്രെച്ചർ സൗകര്യമുള്ള വിമാനത്തിൽ ജിദ്ദയിൽ എത്തിക്കുകയും അവിടെ നിന്ന് രാത്രിയിൽ കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ്​ വിമാനത്തിൽ നാട്ടിൽ എത്തിച്ച്​ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ദമ്മാം ആസ്ഥാനമായ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പ്രശാന്ത് ഗോപലകൃഷ്​ണപിള്ള ജോലിയുടെ ഭാഗമായാണ് ഇൗ വർഷം ഫെബ്രുവരിയിൽ ജീസാനിൽ എത്തുന്നത്. ആ മാസം 20ന്​ രാവിലെ ജോലി സ്ഥലത്ത്‌ എത്താഞ്ഞതിനെ തുടർന്ന് സുഹൃത്ത്​ സമീർ, പ്രശാന്ത്​ താമസിക്കുന്ന ഹോട്ടലിൽ ചെന്ന്​ നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ്​ ഇങ്ങനെ സംഭവിച്ചത്. ഉടൻ തന്നെ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ചികിത്സകൾക്ക് ശേഷം ബോധം തിരിച്ചുകിട്ടിയെകിലും ശരീരത്തി​െൻറ ഇടതുഭാഗം തളർന്നു പോയിരുന്നു.

നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പ്രശാന്ത്​ ജോലി ചെയ്യുന്ന കമ്പനി നടത്തിയിരുന്നു. കോവിഡ് കാലമായതിനാൽ വിമാന സർവിസില്ലായ്​മ ​കാരണം ഇത് നീണ്ടു പോയി. രണ്ടു പ്രാവശ്യം വിമാന ടിക്കറ്റ് എടുത്തെങ്കിലും യാത്ര ചെയ്യാൻ സാധിച്ചില്ല. ആദ്യ തവണ മെഡിക്കൽ റിപ്പോർട്ടിലെ സാ​ങ്കേതിക പിശക് കാരണം യാത്ര മുടങ്ങി എയർപ്പോർട്ടിൽ നിന്ന്​ മടങ്ങി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം തവണ സ്‌ട്രെചർ സൗകര്യമുള്ള ടിക്കറ്റ്​ ശരിയായെങ്കിലും ഇൻഷുറൻസ് തുക കഴിഞ്ഞുള്ള ചികിത്സ ചെലവ് ആര്​ അടയ്​ക്കുമെന്ന കാര്യത്തിൽ തർക്കം നിലനിന്നതിനാൽ ആശുപത്രി അധികൃതർ ഡിസ്​ചാർജ്​ നൽകാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് രണ്ടാം യാത്രയും മുടങ്ങി. ഇൻഷുറൻസ് പരിധിയായ അഞ്ചു ലക്ഷം റിയാൽ ഇൻഷുറൻസ് കമ്പനി അടിച്ചെങ്കിലും ബാക്കിയായ ഒരു ലക്ഷത്തോളം റിയാലി​െൻറ കാര്യത്തിലായിരുന്നു തർക്കം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച നാൾ മുതൽ പ്രശാന്തിനെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്ന സമീറി​െൻറ യാത്രയും ഇതോടൊപ്പം മുടങ്ങി. ഹഫർ അൽ ബാത്വിനിൽ ഉണ്ടായിരുന്ന മൂത്ത സഹോദരൻ പ്രമോദ് ജീസാനിൽ എത്തി പ്രശാന്തിനെ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ വൃക്ക രോഗിയായ ഇദ്ദേഹം അസുഖം മൂർച്​ഛിച്ചതിനെ തുടർന്നു എത്രയും വേഗം നാട്ടിൽ പോകുകയും വൈകാതെ മരണപ്പെടുകയും ചെയ്​തു.

ആശുപത്രിയിലെ ബില്ല് ദിനംപ്രതി കൂടുകയും നാട്ടിലെത്തിക്കാൻ കഴിയാതാവുകയും ചെയ്​തതിനെ തുടർന്ന് നാട്ടിലെ പ്രശാന്തി​െൻറ കുടുംബം ഇന്ത്യൻ എംബസിക്കും വിദേശകാര്യ വകുപ്പിനും പരാതി നൽകുകയുണ്ടായി. എംബസി കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ആശുപതി ചെലവ് ഒഴികെ വിമാന ടിക്കറ്റും സേവനാനന്തര ആനുകൂല്യങ്ങളും നൽകാമെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.

ഈ അവസരത്തിലാണ്​ പ്രശാന്തി​െൻറ കുടുബം 'ഗൾഫ് മാധ്യമം' സൗദി ഓഫീസിലേക്ക്​ സഹായം തേടി ഇൗമെയിൽ അയച്ചത്​. തുടർന്ന്​ ജിസാനിലെ ലേഖകനും പ്രവാസി സാംസ്കാരിക വേദി അസീർ മേഖല പ്രസിഡൻറുമായ ഇസ്മാഈൽ മാനു ആശുപത്രിയിലെത്തുകയും പ്രശാന്തി​െൻറ അവസ്ഥ മനസിലാക്കുകയും ചെയ്​തു. ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ നിലവിലെ ചികിത്സാ ചെലവ്​ രണ്ടു ലക്ഷം റിയാൽ കവിഞ്ഞു എന്നറിയാൻ കഴിഞ്ഞു. ഇസ്മാഈൽ മാനുവിനൊപ്പം 'ജല' ജിസാൻ ജനറൽ സെക്രട്ടറി ദേവൻ വെന്നിയൂർ, തനിമ ഏരിയ പ്രസിഡൻറ്​ സിറാജ് മുരിങ്ങോളി എന്നിവർ പലവട്ടം ആശുപത്രി മാനേജ്‌മെൻറുമായി ചർച്ച നടത്തി. അവിടുത്തെ സ്​റ്റാഫ് നഴ്​സുമാരായ നിസ അങ്കമാലി, അശ്വതി, നഴ്​സിങ് കോഓഡിനേറ്റർ ബിന്ദു എന്നിവരുടെ നിരന്തര പരിശ്രമ ഫലമായി 40,000 റിയാലായി ബില്ല്​ കുറയ്​ക്കാൻ അധികൃതർ തയാറായി. ഈ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയും അവർ ഈ തുക എത്തിക്കുകയും ചെയ്​തു. കെ.എം.സി.സി ജീസാൻ ഏരിയ ട്രഷറർ ഖാലിദ് പട്‌ള, എംബസി പ്രതിനിധികളായ ഡോ. മുക്താർ, സയ്യിദ് കാശ്യപ് എന്നിവർ കമ്പനിയെ ബന്ധപ്പെട്ട്​ വിമാന ടിക്കറ്റും മറ്റു യാത്രാരേഖകളും ലഭ്യമാക്കുകയും സേവനാനന്തര ആനുകൂല്യം നാട്ടിലെ അക്കൗണ്ടിലേക്ക്​ അയപ്പിക്കുകയും ചെയ്​തു. എയർപോർട്ടിൽ പ്രശാന്ത​ിനെ യാത്രയാക്കാൻ ഇസ്മാഈൽ മാനു, ദേവൻ വെന്നിയൂർ, സിറാജ് മുരിങ്ങോളി, സജീർ മുക്കം, ഷാജി പരപ്പനങ്ങാടി, മുനവിർ തുടങ്ങി നിരവധി സംഘടനാ പ്രവർത്തകർ എത്തി. മുഹമ്മദ് ഷാഫി പൊന്നാനി പ്രശാന്തിനെ യാത്രയിൽ അനുഗമിച്ചു. വ്യാഴാഴ്​ച രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രശാന്തിനെ ഐഡിയൽ റിലീഫ് വിങ്ങി​െൻറ ആംബുലൻസിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

prashanth

ഫോ​ട്ടോ: പ്രശാന്ത്​ എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിയപ്പോൾ

Tags:    
News Summary - Kollam native undergoing treatment at Saudi hospital for eight months returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.