ദമ്മാം: തിങ്കളാഴ്ച രാത്രി 11.30 ന് കരിപ്പുരിൽ നിന്ന് ദമ്മാമിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് യാത്രക്കാർക്ക് തുണയായ മലയാളി നഴ്സിന് പ്രവാസി സമൂഹത്തിെൻറ അഭിനന്ദന പ്രവാഹം. മലപ്പുറം മങ്കട സ്വദേശിയും ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻറിറിലെ നഴ്സുമായ പ്രീന സക്കീറാണ് ആകാശയാത്രയിൽ രോഗികളായ രണ്ട് പേർക്ക് തുണയായത്.
അവധി കഴിഞ്ഞ് ദമ്മാമിലേക്ക് മടങ്ങിവരികയായിരുന്നു പ്രീന. വിമാനം പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയപ്പോഴാണ് വിമാനത്തിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോ എന്ന അന്വേഷണവുമായ കാബിൻ ക്രൂവിെൻറ അനൗൺസ്മെൻറ് ഉണ്ടായത്. എല്ലാവരും അപ്പോൾ മയക്കത്തിലായിരുന്നു. ഡോക്ടർമാർ ആരെങ്കിലുമുണ്ടോ എന്ന് കാത്തിരുന്നിട്ടും ആരുടേയും പ്രതികരണം കാണാതിരുന്നപ്പോഴാണ് പ്രീന രോഗിയുടെ അടുത്തേക്ക് എത്തിയത്. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട രോഗിക്ക് കടുത്ത രക്തസമ്മർദവുമുണ്ടായിരുന്നു.
ഉടൻ തന്നെ എയർഹോസ്റ്റസിെൻറ സഹായത്തോടെ സീറ്റ് ക്രമപ്പെടുത്തി രോഗിയെ ശരിയായ രീതിയിൽ കിടത്തുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്തു. ശ്വാസതടസ്സം കണ്ടതോടെ ഓക്സിജൻ നൽകി. ആവശ്യമെങ്കിൽ വിമാനം തിരികെ ഇറക്കാൻ തയാറാണന്ന് രോഗിയെ പറഞ്ഞ് സമാധാനിപ്പിക്കാനും കാബിൻ ക്രൂ തനിക്ക് അനുമതി തന്നതായി പ്രീന പറഞ്ഞു.
രോഗിക്ക് ആവശ്യമായ മനോധൈര്യവും പ്രാഥമിക ശുശ്രൂഷകളും നൽകിയതോടെ രോഗിയുടെ അവസ്ഥ ക്രമേണ സാധാരണ നിലയിലേക്ക് വന്നു. യാത്രയുടെ ക്ഷീണവും ഭയവുമായിരുന്നു ഈ അവസ്ഥയിലെത്തിച്ചത്. സാധാരണാവസ്ഥയിലേക്ക് എത്തിയ രോഗി ഉറങ്ങണമെന്ന് പറഞ്ഞപ്പോഴാണ് പ്രീന സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോയത്. വിമാനത്തിലെ മറ്റുള്ളവരെല്ലാം സുഖമായി ഉറങ്ങുമ്പോഴും കാബിൻക്രൂമാരോടൊപ്പം ഈ രോഗിയെ പരിചരിച്ച് നിൽക്കുകയായിരുന്നു പ്രീന.
സീറ്റിലെത്തി വീണ്ടും മുക്കാൽ മണിക്കുർ കഴിഞ്ഞപ്പോഴാണ് അടുത്ത രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 55 വയസ്സ് തോന്നിക്കുന്ന യാത്രക്കാരന് ഷുഗർ കുറഞ്ഞാലുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് കണ്ടതെന്ന് പ്രീന പറഞ്ഞു. അയാളുടെ കൈയ്യിൽ മരുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് പറഞ്ഞുകൊടുക്കാനുള്ള അവസ്ഥയിലും ആയിരുന്നില്ല. ഉടൻ തന്നെ മധുരം നൽകുകയും ആവശ്യമായ മറ്റ് പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തതോടെ അരമണിക്കൂറിനകം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.
ശേഷം ഏതാണ്ട് മുക്കാൽ മണിക്കൂറിനകം വിമാനം ദമ്മാമിൽ ഇറങ്ങുകയും ചെയ്തു. രണ്ടുപേരും സുരക്ഷിതമായി പുറത്തിറങ്ങിയപ്പോൾ നൽകിയ സ്നേഹം നിറഞ്ഞ ചിരിയാണ് തന്നെ ഏറെ ആഹ്ലാദിപ്പിച്ചതെന്ന് പ്രീന പറഞ്ഞു. നാലര മണിക്കൂർ നീണ്ട വിമാനയാത്രക്കിടയിൽ പ്രീന അധികവും ഈ രോഗികൾക്ക് ഒപ്പമായിരുന്നു.
ദാറസ്സിഹ മാനേജ്മെൻറ് പ്രീന സക്കീറിനെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ്. പ്രവാസി സാംസ്കാരിക വേദിയും തനിമയും പ്രീനയെ അനുമോദിക്കും. ബിസിനസുകാരനായ സക്കീർ ഹുസൈനാണ് ഭർത്താവ്. സ്വാലിഹ, മുഹമ്മദ് റിസ്വാൻ, സുഹ മറിയം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.