റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മീഡിയവൺ സൂപ്പർ കപ്പ് സീസൺ ത്രീ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. റിയാദ് സുലൈയിലെ അൽ മുതവ പാർക്ക് ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10നാണ് ആദ്യ മത്സരം. കേരളത്തിന്റെ ഫുട്ബാൾ പെരുമക്കും പ്രവാസികളുടെ കാൽപന്ത് ചരിതത്തിനും അഭിമാനകരമായ മുദ്രകൾ പതിച്ചാണ് മീഡിയവൺ സൂപ്പർ കപ്പ് രണ്ട് സീസൺ പിന്നിട്ടത്.
16 ടീമുകളും 15 മത്സരങ്ങളും ഇരുന്നൂറിലധികം കായിക താരങ്ങളും അണിനിരക്കുന്ന മൂന്നാമത് സീസൺ ടൂർണമെന്റ് പതിവിൽനിന്ന് ഏറെ പുതുമകളോടെയാണ് നടക്കുന്നത്. സെവൻസിൽനിന്ന് നയൻസ് ഫോർമാറ്റിലേക്കുള്ള മാറ്റം, സെർബിയൻ ഇതിഹാസ താരവും ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഖ്യ പരിശീലകനുമായിരുന്ന ഇവാൻ വുകോമനോവിച്ചിന്റെ സാന്നിധ്യം, ആകർഷകമായ പ്രൈസ് മണി, ഫിനാലെയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥി തുടങ്ങി നിരവധി ആകർഷണങ്ങൾ മീഡിയവൺ സൂപ്പർ കപ്പിനെ വ്യത്യസ്തമാക്കുന്നു.
ആദ്യ ദിനമായ വ്യാഴാഴ്ച ഗ്രൂപ് ഒന്നിലെ ക്ലബുകളായ അസീസിയ സോക്കർ എഫ്.സിയും മൻസൂർ റബീഅ എഫ്.സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ മത്സരത്തിൽ ഗ്രൂപ് രണ്ടിലെ യൂത്ത് ഇന്ത്യ എഫ്.സിയും എ.ജി.സി യുനൈറ്റഡ് എഫ്.സിയും തമ്മിൽ മാറ്റുരക്കും. ലാന്റേൺ എഫ്.സിയും നഹ്ദ എഫ്.സിയും കൊമ്പുകോർക്കുന്ന മൂന്നാമത്തെ മാച്ചിന് ശേഷം റെയിൻബോ എഫ്.സിയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും അവസാന മത്സരത്തിൽ നേരിടും. വെള്ളിയാഴ്ചയും എട്ട് ടീമുകൾ പങ്കെടുക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടരുന്നതാണ്. വെള്ളിയാഴ്ച രാത്രി എട്ടിന് തന്നെ മത്സരങ്ങൾ തുടങ്ങുമെന്നും ടൂർണമെന്റിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും മീഡിയവൺ സൂപ്പർകപ്പ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.