മദീനയിലെ ‘മദീനത്തുന്നബവി എക്സിബിഷൻ’ ഹാളിലെ വിവിധ ദൃശ്യങ്ങൾ

തീർഥാടകരെ ആകർഷിച്ച് 'മദീനത്തുന്നബവി എക്സിബിഷൻ'

മദീന: ഇസ്‌ലാമിക നാഗരികതയുടെ ശേഷിപ്പുകൾ അണിനിരത്തിയതും പ്രവാചകന്റെ ജീവചരിത്ര നാൾവഴികൾ വിവരിക്കുന്നതുമായ മദീനയിലെ അന്താരാഷ്ട്ര പ്രദർശനവും മ്യൂസിയവും സന്ദർശകരെ ആകർഷിക്കുന്നു. മസ്ജിദുന്നബവിയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദർശന ഹാൾ സന്ദർശിക്കാൻ 24 മണിക്കൂറും അവസരമുണ്ട്. ഹജ്ജ് പൂർത്തിയാക്കി മദീന സന്ദർശിക്കാനെത്തുന്ന തീർഥാടകർ ധാരാളമായി ഇവിടം സന്ദർശിക്കുന്നുണ്ട്.

പ്രവാചകനുമായി ബന്ധപ്പെട്ട നാൾവഴികളും ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവങ്ങളും പരിചയപ്പെടുത്തുന്ന വിവിധ ദൃശ്യങ്ങളും രേഖകളും സന്ദർശകർക്ക് വേറിട്ട അറിവുകൾ പകർന്നുനൽകുന്നതാണ്. പ്രദർശന ഹാളിലെ പ്രത്യേക മുറിയിൽ ഒരുക്കിയ ഇരുഹറം പള്ളികളുടെ പൗരാണിക ശേഷിപ്പുകളും അപൂർവ പുരാവസ്തുക്കളും വിസ്‌മയ കാഴ്ചയൊരുക്കുന്നു. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ വഴി സന്ദർശകർക്ക് പ്രദർശനഹാളിൽ ഒരുക്കിയ കാര്യങ്ങളെ കുറിച്ചുള്ള വിവരണം പകർന്നുനൽകുന്നതും ഏറെ ശ്രദ്ധേയമാണ്.

വിവിധ ഭാഷകളിൽ പ്രദർശനഹാളിലെ വിവരങ്ങൾ സന്ദർശകർക്ക്‌ പരിചയപ്പെടുത്തുന്നുണ്ട്.

ഇസ്‌ലാമിന്റെ സഹിഷ്ണുതയും സാഹോദര്യവും മിതത്വവും പ്രകടമാക്കുന്നതിന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശരിയായ പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ പൈതൃകത്തെ പ്രതിനിധീകരിക്കുന്നതാണ് എക്‌സിബിഷനിലെയും മ്യൂസിയത്തിലെയും സംവിധാനങ്ങളെന്ന് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുന്നബവിയുടെ വാസ്തുവിദ്യകളും പൗരാണിക ശേഷിപ്പുകളും ആധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ പ്രദർശന ഹാളിൽ ഒരുക്കിയതാണ് സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്നത്.

2,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ പ്രദർശന സമുച്ചയം കഴിഞ്ഞ വർഷമാണ് പ്രവർത്തനമാരംഭിച്ചത്.

സന്ദർശകർക്ക് ദൃശ്യാവിഷ്കാരങ്ങൾ വീക്ഷിക്കാൻ പ്രത്യേക ഹാൾ തന്നെ ഒരുക്കിയിട്ടുണ്ട്. വാസ്തുവിദ്യയെക്കുറിച്ചും പ്രവാചകന്റെ മസ്ജിദുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന നിരവധി ആധുനിക സാങ്കേതിക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മസ്‌ജിദുന്നബവിയിലെ പഴയ പ്രസംഗപീഠം, മിഹ്‌റാബ്, താഴികക്കുടങ്ങൾ, അലങ്കാരങ്ങൾ, വാതിലുകൾ, മിനാരങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുന്ന വിവിധ ദൃശ്യങ്ങൾ സന്ദർശകർക്ക് വൈജ്ഞാനിക അറിവുകൾ പകർന്നുനൽകുന്നു. 


മദീനയിലെ 'മദീനത്തുന്നബവി എക്സിബിഷൻ' ഹാളിലെ വിവിധ ദൃശ്യങ്ങൾ


 


Tags:    
News Summary - 'Medinathunnabavi Exhibition' attracts pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.