റിയാദ്: പെരുന്നാളാഘോഷത്തിന് സമാപനം കുറിച്ച് ലുലു റിയാദ് അവന്യൂവിൽ അരങ്ങേറിയ ‘മീഫ്രണ്ട് ഫൗരി ഈദ് മെഹ്ഫിൽ 2024’ പരിപാടിയിൽ മൈലാഞ്ചിയണിഞ്ഞ മൊഞ്ചത്തിമാരുടെ നീണ്ടനിര. മെഹന്തി മത്സരത്തിന്റെ ഭാഗമായാണ് കരവിരുതുള്ള 20 പെൺകൊടികൾ വേദിയിൽ അണിനിരന്നത്. വ്യത്യസ്ത രൂപഭാവങ്ങളിൽ കൈവെള്ളയിൽ അണിയിച്ചൊരുക്കിയ മാതൃകകൾ, ഈ രംഗത്ത് അവരുടെ പ്രാവീണ്യവും ഒപ്പം ഭാവനയും ഒരുമിച്ച് വിളംബരം ചെയ്യുന്നതായിരുന്നു. പ്രാചീന കാലംതൊട്ട് സ്ത്രീ സൗന്ദര്യത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമാണ് മൈലാഞ്ചി. പെരുന്നാൾ, വിവാഹം എന്നീ സന്ദർഭങ്ങളിൽ പ്രത്യേക ചടങ്ങുകൾ തന്നെ നടത്തുന്നവരാണ് മലയാളി മങ്കമാർ.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും മധ്യ പൗരസ്ത്യ ദേശത്തെയും കൂടാതെ ആഫ്രിക്കയിലെയും ജനങ്ങൾ മൈലാഞ്ചി ഉപയോഗിച്ചിരുന്നു. മൈലാഞ്ചി കല്യാണവും മൈലാഞ്ചിപ്പാട്ടുകളും നമ്മുടെ നാടുകളിലും പ്രിയപ്പെട്ടതാണ്. ഇലകൾ അരച്ചെടുത്ത കുഴമ്പിന് പകരം ട്യൂബ് മൈലാഞ്ചി വിപണിയിലെത്തിയപ്പോൾ പതിവ് രൂപകൽപനകളെ പുറന്തള്ളി ഭാവനയുടെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഇന്ന് ഇതിനായി പ്രഫഷനലുകളും ബ്യൂട്ടീഷ്യൻമാരും രംഗത്തുള്ള വിപണിമൂല്യമുള്ള ഒരിടമായി വികസിച്ചിരിക്കുന്നു. മലയാളികളായ ഹെന്ന ഡിസൈനർമാർ ഇന്ന് സൗദി അറേബ്യയിൽ ധാരാളമുണ്ട്. ഇൻസ്റ്റയിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഉപഭോക്താക്കൾ ഇവരെ തേടിയെത്തുന്നത്. കുടുംബങ്ങളിലെ വിശേഷ ദിനങ്ങളിലും സന്ദർഭങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും മൈലാഞ്ചി ചുവപ്പിക്കുന്നത് ഇവരാണ്.
‘മീഫ്രണ്ട് ഫൗരി ഈദ് മെഹ്ഫിൽ 2024’ പരിപാടിയിൽ ലഭിച്ച നൂറോളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് റിയാദിൽ അവസാന റൗണ്ടിൽ എത്തിയത്. ഇന്ത്യൻ അറബ് ശൈലികളിലുള്ള മാതൃകകളാണ് മത്സരത്തിൽ ഉള്ളടക്കമായി സ്വീകരിച്ചത്. ചിലർ സ്വന്തം കൈയിലും ബാക്കിയുള്ളവർ കൂടെ കരുതിയ ആളിന്റെ കൈകളിലുമാണ് തന്റെ കലാ പ്രാവീണ്യം അനാവരണം ചെയ്തത്. കൈയടക്കത്തിന്റെയും കരവിരുതിന്റെയും മനോഹരമായ ദൃശ്യങ്ങളാണ് മത്സരാർത്ഥികൾ കാഴ്ച വെച്ചത്. റുഫിയ റിയാസ് ഒന്നാം സ്ഥാനവും ആയിഷ ജംഷിദ്, ഫാത്തിമ സബ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. ഈ രംഗത്ത് നൈപുണ്യമുള്ള അറിയപ്പെടുന്ന മെഹന്തി കലാകാരികളായ ഷഹനാസ് ഷെറിൻ, റോസ്ന ഷജിൽ, നിഹാല പർവിൻ എന്നിവരാണ് മൂല്യനിർണയത്തിൽ പങ്കെടുത്തത്. മത്സരം മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. സാബിറ ലബീബ്, നസീറ റഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.