റിയാദ്: 'മീഫ്രണ്ട് ഫൗരി ഈദ് മെഹ്ഫിൽ 2024' പരിപാടിക്കായി ആദ്യമായി സൗദി അറേബ്യയിലെത്തിയ പുതിയ കാലത്തിന്റെ പാട്ടുകാരായ ദാന റാസിഖും സജിലി സലീമും സന്ദർശനം അവിസ്മരണീയമാക്കി നാട്ടിലേക്കു മടങ്ങി. ദമ്മാം, ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികളായ മാപ്പിളപ്പാട്ട് ആസ്വാദകർക്കും സംഗീതപ്രേമികൾക്കും പാട്ടിന്റെ മധുരമായ ആലാപനവും ആദ്യസമാഗമത്തിന്റെ മനോഹരമായ ഓർമചിത്രങ്ങളും നൽകിയാണ് ഇരുവരും യാത്രയായത്. സന്ദർശനത്തിന്റെ ആഹ്ലാദം പങ്കുവെച്ച ദാന റാസിഖ്, 'കടകൻ' എന്ന സിനിമയുടെ പാട്ട് ഇറങ്ങിയെന്നും നാദിർഷ സംവിധാനം ചെയ്ത 'വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയുടെ ഗാനങ്ങൾ പൂർത്തിയായെന്നും ഈ മാസം റിലീസ് ചെയ്യുമെന്നും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സണ്ണിവെയ്നും ലുഖ്മാനും ഒന്നിക്കുന്ന 'ടർക്കിഷ് തർക്കം' എന്ന സിനിമയിലെ ഗാനങ്ങളും അടുത്തുതന്നെ പുറത്തിറങ്ങുമെന്നും മറ്റൊരു ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങളിലാണെന്നും ദാന പറഞ്ഞു. സ്വന്തമായി നിർമ്മാണം നടത്തുന്ന ഒരു സ്വതന്ത്ര സംഗീതജ്ഞയാവാനാണ് ആഗ്രഹമെന്നും ഒപ്പം പിന്നണി ഗാനങ്ങളും കൂടെ കൂട്ടി, ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്നും അവർ അറിയിച്ചു. ഗായികയും കണ്ണൂർ സലീമിന്റെ മകളും റിയാലിറ്റി ഷോ വിധികർത്താവുമൊക്കെയായ സജിലി, സംഗീതമാണ് ജീവിതമെന്നും പിതാവ് സലീമിന്റെ സംഗീത പാരമ്പര്യം നിലനിർത്തുകയാണ് മക്കളായ നാലു പേരുടെയും ലക്ഷ്യമെന്നും പറഞ്ഞു. തങ്ങൾ മക്കൾ എല്ലാവരും ഫാമിലി ബാൻഡിൽ സജീവമാണെന്നും സൗദി പര്യടനം ഏറെ ഇഷ്ടമായെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.