റിയാദ്: അംഗരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത കുപ്രചരണങ്ങളെ തള്ളി ജി.സി.സി മന്ത്രിതല യോഗം. പ്രാദേശിക, അന്തർദേശീയ ഫോറങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളുടെ മൂല്യങ്ങളും അവരുടെ സംഭാവനകളും താമസ്കരിക്കാനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗമാണ് തങ്ങൾക്കെതിരെയുള്ള ആസൂത്രിതവും ക്ഷുദ്രവുമായ മാധ്യമ പ്രചാരണങ്ങൾക്കെതിരെ ശബ്ദമുയർത്തിയത്.
വ്യാഴാഴ്ച സൗദി വാണിജ്യ മന്ത്രിയും ആക്ടിങ് മാധ്യമ മന്ത്രിയുമായ ഡോ. മാജിദ് അൽ-ഖസബിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന 25-ാമത് ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗം മതപരവും ധാർമികവുമായ മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം പ്രചരിപ്പിക്കുകയും പരസ്യ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ നേരിടാൻ തീരുമാനിച്ചു. ഇത്തരം പ്ലാറ്റ്‌ഫോമുകളോട് ഏകീകൃത നിലപാട് കൈക്കൊള്ളുന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങളിലെ ഇലക്‌ട്രോണിക് മാധ്യമ ഉദ്യോഗസ്ഥർ പുറത്തിറക്കിയ പ്രസ്താവനയെയും മന്ത്രിമാർ പ്രശംസിച്ചു.
ധാർമികത, കുടുംബ ഐക്യം, വികസനം എന്നിവ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യോഗത്തിൽ ധാരണയായി. അത് സമൂഹത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ അടിത്തറയായതിനാൽ, അതിന്റെ പുരോഗതിയിൽ നിരന്തര ശ്രദ്ധ പുലർത്തും. പൊതുവായ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രാദേശിക വികസനം മെച്ചപ്പെടുത്തുന്നതിനുമായി ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംയോജിത പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജി.സി.സി രാജ്യങ്ങൾ നിർമിക്കുന്ന റേഡിയോ, ടെലിവിഷൻ പരിപാടികൾക്കും മാധ്യമരംഗത്തെ സംയുക്ത പദ്ധതികൾക്കും മന്ത്രിതല യോഗം അംഗീകാരം നൽകി. വാർത്താ ഏജൻസികൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ, ബാഹ്യ മാധ്യമങ്ങൾ എന്നിവയ്‌ക്കിടയിലുള്ള സഹകരണ പദ്ധതികൾക്കും റിസപ്ഷൻ, പ്രക്ഷേപണ ചാനലുകളുമായി ബന്ധപ്പെട്ട സാങ്കേതിക, എൻജിനീയറിങ് മേഖലകളിലെ ഏകോപനത്തിനും അംഗീകാരമായി.
ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സമർപ്പിച്ച റിപ്പോർട്ടും ജി.സി.സിയുടെ ജോയിന്റ് പ്രോഗ്രാം പ്രൊഡക്ഷൻ കോർപ്പറേഷന്റെ റിപ്പോർട്ടും മന്ത്രിമാർ ചർച്ച ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും പദ്ധതികളും സംയുക്ത ഗൾഫ് മാധ്യമ പ്രവർത്തന സംവിധാനത്തിനുള്ളിൽ അവരുടെ ദൗത്യത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗം കൈക്കൊണ്ടതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫിഫ ലോകകപ്പ് 2022-ന്റെ സമാരംഭത്തിലും ചരിത്രപരമായ ഉദ്ഘാടനത്തിലും ഖത്തർ ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും സർക്കാറിനെയും ഖത്തർ ജനതയെയും ജി.സി.സി മന്ത്രിതല യോഗം അഭിനന്ദിച്ചു, ഈ ചരിത്ര സംഭവത്തിന്റെ തയാറെടുപ്പിലും അതിശയകരമായ സംഘാടനത്തിലും ഖത്തർ നടത്തിയ വിശിഷ്‌ട ശ്രമങ്ങളെ യോഗം പ്രശംസിച്ചു. അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ ചരിത്ര വിജയത്തെയും യോഗം അഭിനന്ദിച്ചു.
ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ-ഹജ്റഫിനെ കൂടാതെ യു.എ.ഇ സാംസ്കാരിക യുവജന മന്ത്രി നൂറ അൽ-കഅബി, ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ-നുഅയ്മി, ഒമാനി ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല അൽ-ഹർറാസി, ഖത്തർ മീഡിയ കോർപറേഷൻ സി.ഇ.ഒ ശൈഖ് അബ്ദുൽ അസീസ് ബിൻ ഥാനി, കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് നാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.