ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബാൾ ക്ലബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) പ്രസിഡൻറായി മുജീബ് കളത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡൻറ് ഡോ. അബ്ദുസ്സലാം കണ്ണിയൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതു മൂലമാണ് ഒഴിവുവന്നത്. നിലവിൽ സംഘടനയുടെ ആക്ടിങ് പ്രസിഡൻറ് സ്ഥാനം വഹിക്കുകയായിരുന്നു മുജീബ് കളത്തിൽ. നേരത്തേ നാലു വർഷം ഡിഫയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുമുണ്ട്. ദമ്മാമിലെ മാധ്യമ പ്രവർത്തകനായ മുജീബ് കളത്തിൽ മലപ്പുറം വാഴക്കാട് മുണ്ടുമുഴി സ്വദേശിയാണ്. മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് അസോസിയേഷെൻറ വൈസ് പ്രസിഡൻറ് കൂടിയാണ്.
അൽഖോബാർ വെൽകം റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ ചേർന്ന ഡിഫ ഭാരവാഹികളുടേയും ടെക്നിക്കൽ, വെൽഫെയർ കമ്മിറ്റിയുടേയും യോഗത്തിൽ ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിച്ചവരെ സഹായിക്കുന്നതിെൻറ ഭാഗമായി ഡിഫക്ക് കീഴിൽ നിരവധി സേവന പ്രവർത്തനങ്ങൾ നിർവഹിച്ചതായും അസുഖ ബാധിതർക്ക് സഹായം എത്തിക്കാനും സാധിച്ചതായി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഡിഫയിൽ നിന്നുള്ള ഇൗവർഷത്തെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. ഡിഫ ഭാരവാഹികളായ ഷനൂബ് കൊണ്ടോട്ടി, അഷ്റഫ് എടവണ്ണ, റഷീദ് മാളിയേക്കൽ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, വെൽഫെയർ കമ്മിറ്റി കൺവീനർ ജൗഹർ കുനിയിൽ, റിയാസ് പട്ടാമ്പി, ആശി നെല്ലിക്കുന്ന്, അഫ്താബ് മുഹമ്മദ്, ഷുക്കൂർ ആലിക്കൽ, ഷറഫ് ചെറുവാടി, ഖലീൽ പൊന്നാനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.