പുതുതലമുറ വിദ്യാർഥികൾക്ക് ഭാവിയിലേക്ക് വഴിതുറക്കാൻ ‘നിയോം’ പരിശീലനം

റിയാദ്: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും തബൂക്ക് യൂനിവേഴ്‌സിറ്റിയിലെയും 600 വിദ്യാർഥി-വിദ്യാർഥിനികളെ ‘ഭാവിയുടെ നഗര’മായ നിയോമിലെ മികച്ച ജോലികൾക്ക് പ്രാപ്തരാക്കുന്നതിനുവേണ്ടി പരിശീലനം ആരംഭിക്കുന്നു. ‘കീസ്സ്’ (നോളജ് എക്സ്ചേഞ്ച് ഫോർ യൂത്ത് സപ്പോർട്ടിങ് സൊസൈറ്റി) പങ്കാളിത്തത്തോടെയും സൗദി വിദ്യാഭ്യാസ മന്ത്രാലയം, നാഷനൽ പ്രോഗ്രാം ഫോർ കമ്യൂണിറ്റി ഡെവലപ്‌മെൻറ് (തൻമിയ), സർക്കാറിതര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയുമാണ് നിയോം മൂന്നാഴ്ച നീളുന്ന പരിശീലനം സംഘടിപ്പിക്കുന്നത്.


നിയോം നഗരം സ്ഥാപിതമാകുന്ന മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥികൾ, തബൂക്ക് യൂനിവേഴ്‌സിറ്റിയിലെ പുതുമുഖ വിദ്യാർഥികൾ എന്നിവരെ നിയോമിലെ ആകർഷകമായ ജോലികൾക്ക് പ്രാപ്തരാക്കുംവിധം ആത്മവിശ്വാസത്തോടെ പഠനം പൂർത്തിയാക്കുന്നതിന് എട്ടാഴ്ചയിലെ പരിശീലനമാണ് നൽകുക. 50 അധ്യാപകരുടെയും ഉപദേഷ്ടാക്കളുടെയും പിന്തുണയോടെ ഭാവിയിലെ തൊഴിൽ വിപണിയുമായി പൊരുത്തപ്പെടുന്നതും ഏറ്റവും പ്രസക്തമായ ജോലികളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് പരിശീലനം.

പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന സംവേദനാത്മക കൂടിച്ചേരലുകളിലൂടെ വ്യക്തിപരമായ കഴിവുകൾ മനസ്സിലാക്കി അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സംരംഭത്തിന്റെ ഭാഗമായി, പ്രഫഷനൽ, അക്കാദമിക്, വ്യക്തിഗത തലങ്ങളിൽ തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതുസംബന്ധിച്ച ഗൈഡ്ബുക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യും.


‘വിഷൻ 2030’ പദ്ധതിയിലെ ഹ്യൂമൻ കാപ്പബിലിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമിന് അനുസൃതമായി വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറയെ ശാക്തീകരിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന് നിയോം വൃത്തങ്ങൾ വ്യക്തമാക്കി. നിയോം തുടക്കം മുതൽ നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. 379 ഗുണഭോക്താക്കളുള്ള സ്കോളർഷിപ് പ്രോഗ്രാം, ഇംഗ്ലീഷ് ഭാഷ പ്രോഗ്രാമുകൾ, കരിയർ-ബിൽഡിങ് അവസരങ്ങൾ എന്നിവ ഇതിൽപെട്ടവയാണ്.

Tags:    
News Summary - 'Neom' training to pave the way for the future for the new generation of students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.