എണ്ണേതര സമ്പദ്‌ വ്യവസ്ഥ ആറ്​ ശതമാനം വളർച്ചയിലേക്ക്​ -സൗദി ധനമന്ത്രി

ജിദ്ദ: ഈ വർഷാവസാനത്തോടെ സൗദി അറേബ്യയുടെ എണ്ണേതര സമ്പദ്‌ വ്യവസ്ഥ ആറ്​ ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖല ഇപ്പോഴും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്​. ‘വിഷൻ 2030’ൽ രാജ്യം സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും എണ്ണ മേഖലക്ക്​ പുറത്ത് ഉൽ‌പാദനം വൈവിധ്യവത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു.

രാജ്യത്തിന്‍റെ എണ്ണേതര ഉൽപാദനം ഇപ്പോഴും മികച്ചതാണ്. സൗദി സമ്പദ്‌ വ്യവസ്ഥ ജനങ്ങളെയും മറ്റുള്ളവരെയും പിന്തുണക്കാൻ പര്യാപ്തമാണ്. വ്യാപാര നിയന്ത്രണങ്ങൾ കൂടുന്തോറും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ദാരിദ്ര്യം വർധിക്കുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദാരിദ്ര്യം തുടച്ചുനീക്കാനും ഈ രാജ്യങ്ങളെ അതിൽനിന്ന് രക്ഷിക്കാനും എല്ലാവരും സഹകരിക്കണം. കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്​ രാജ്യം മറ്റ് സൗഹൃദ രാജ്യങ്ങളുമായും ജി 20, ലോക ബാങ്ക് തുടങ്ങിയ ബഹുരാഷ്​ട്ര സ്ഥാപനങ്ങളുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ട്​. ഇവ കൂടാതെ പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. രാജ്യങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെങ്കിൽ ഈ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ധനമന്ത്രി പറഞ്ഞു.

കോവിഡ്​ മഹാമാരിയും അതിന്‍റെ അനന്തരഫലങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പവും മറ്റും കാരണമായി വളരെ ദുഷ്‌കരമായ ഒരു സാഹചര്യത്തിലാണ്​ ലോക സമ്പദ്​ വ്യവസ്​ഥ നീങ്ങിയത്​. ചില രാജ്യങ്ങൾക്ക് അതിനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും അവരുടെ കരുതൽ ധനം എടുത്ത്​ വിനിയോഗിക്കേണ്ടി വരികയും ചെയ്തു. ഇസ്രായേൽ -ഹമാസ്​ സംഘർഷവും അനുബന്ധ സംഭവ വികാസങ്ങളും സ്ഥിതിയെ വീണ്ടും ദുഷ്​കരമാക്കിയിരിക്കുകയാണെന്നും ധനമന്ത്രി സുചിപ്പിച്ചു.

കഷ്​ടപ്പെടുന്ന സിവിലിയന്മാർ എവിടെയായിരുന്നാലും സഹതാപമുണ്ട്​. അന്താരാഷ്‌ട്ര നിയമം മാനിക്കപ്പെടണം. അതില്ലെങ്കിൽ ലോകമെമ്പാടും അരാജകത്വം വ്യാപിക്കും. പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ശാന്തതയും വിവേകവും വേണം. സമീപകാല സംഭവങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വികസനത്തി​ന്‍റെ പാത തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - Non-oil economy to six percent growth - Saudi Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.