ജിദ്ദ: ഹജ്ജ്-ഉംറ തീർഥാടകരുടെ ആഗമന നടപടികൾ സുഗമമാക്കുന്നതിനുള്ള സംരംഭങ്ങൾ വരും കാലയളവിൽ ഇന്ത്യൻ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ സമാപനവേളയിൽ ബന്ധപ്പെട്ടവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, ഇന്ത്യൻ ഉംറ കമ്പനികളുടെ മേധാവികൾ എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
സൗദിയിലെത്തുന്നതിനും ഇരുഹറമുകൾ സന്ദർശിക്കുന്നതിനും വിമാനങ്ങളുടെ എണ്ണവും ഇരിപ്പിട ശേഷിയും വർധിപ്പിക്കുന്നതുൾപ്പെടെ അനായാസമായി കർമങ്ങൾ നിർവഹിക്കാൻ ഇന്ത്യൻ തീർഥാടകർ നേരിടുന്ന എല്ലാ തടസ്സങ്ങളും മറികടക്കാൻ ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. സൗദി സാക്ഷ്യം വഹിച്ച സമഗ്രമായ വികസനവും ‘വിഷൻ 2030’ഉം തീർഥാടന സേവന നിലവാരത്തിൽ ക്രിയാത്മകമായി പ്രതിഫലിച്ചുവെന്നും മന്ത്രി സൂചിപ്പിച്ചു.
ഹജ്ജ്, ഉംറ മേഖല വികസിപ്പിക്കുന്നതിന് കാലതാമസം കൂടാതെ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മക്കയിലും മദീനയിലും മതപരമായ കർത്തവ്യങ്ങളും അനുഷ്ഠാനങ്ങളും നിർവഹിക്കുന്നവർക്ക് എല്ലാ തലങ്ങളിലും അസാധാരണമായ അനുഭവം ലഭിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നു.
സൗദി എല്ലായ്പ്പോഴും മികച്ചതിനുവേണ്ടി പരിശ്രമിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് മൂന്ന് വിസ കേന്ദ്രങ്ങളുടെയും ഉംറ കമ്പനികളുടെ മേധാവികളുടെ സാന്നിധ്യത്തിൽ ‘നുസ്ക്’ പ്ലാറ്റ്ഫോമിന്റെ പ്രദർശനവും ഉദ്ഘാടനം ചെയ്തതായും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.