റിയാദ് ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ പൂർത്തീകരിച്ച ചടങ്ങിൽ പ്രസിഡന്‍റ് കുഞ്ഞി കുമ്പള അംഗത്വകാമ്പയിൻ കൺവീനർ നവാസ് വെള്ളിമാട്കുന്നിന് അംഗത്വ കാർഡ് നൽകുന്നു

റിയാദിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങി ഒ.ഐ.സി.സി

റിയാദ്: കോൺഗ്രസിന്‍റെ പ്രവാസി പോഷക സംഘടനയായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ (ഒ.ഐ.സി.സി) റിയാദ് ഘടകം തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി സെൻട്രൽ കമ്മിറ്റി അറിയിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആറുമാസത്തിലേറെ നീണ്ട മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

3500ഓളം ഇന്ത്യൻ പ്രവാസികൾ സംഘടനയിൽ അംഗത്വം എടുത്തതായി പ്രിസൈഡിങ് കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയുടെ സർക്കുലർ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് കീഴ്ഘടകങ്ങൾ മുതലുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ജില്ല കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെയോ, സമവായത്തിലൂടെയോ നിലവിൽ വരും. നവംബർ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്.

നിലവിലെ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുക. ഗ്ലോബൽ, നാഷനൽ, സെൻട്രൽ കമ്മിറ്റികളിൽ ഏതിലെങ്കിലും നിന്നുള്ള രണ്ടുപേരടങ്ങുന്ന വരണാധികാരികളാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. ഗ്ലോബൽ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് വോട്ടിങ്ങിലൂടെയോ, സമവായത്തിലൂടെയോ വെള്ളിയാഴ്ച കണ്ണൂർ ജില്ല കമ്മിറ്റിയും ഈ മാസം 27ന് തിരുവന്തപുരം, ആലപ്പുഴ, തൃശൂർ ജില്ല കമ്മിറ്റികളും നിലവിൽ വരും.

ഇതനുസരിച്ച് 14 ജില്ലകളിലും പുതിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നവംബർ അവസാന വാരം സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ഉൾപ്പടെ നേതാക്കളും കെ.പി.സി.സി നേതാക്കളും റിയാദിലെത്തും. ഏറ്റവും ഒടുവിൽ 2014 ലാണ് കുഞ്ഞി കുമ്പള പ്രസിഡൻറുംയും അബ്ദുല്ല വല്ലാഞ്ചിറ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ റിയാദ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുല്ലത്തീഫ്, അന്നത്തെ സംഘടന ചുമതയുള്ള ഗ്ലോബൽ സെക്രട്ടറി ശരീഫ് കുഞ്ഞ്, ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂർ എന്നിവരാണ് തെരഞ്ഞെടുപ്പിന് അന്ന് നേതൃത്വം നൽകിയത്. ബത്ഹ റമാദ് ഹോട്ടലിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ റിയാദിന്‍റെ വിവിധ ചെറുനഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും അംഗത്വമുള്ള സംഘടന പ്രവർത്തകർ എത്തിയിരുന്നു.

കേരളത്തിലെ വോട്ട് രേഖപ്പെടുത്തൽ കേന്ദ്രം പോലെ ബത്ഹയിലെ മലയാളി മൂലയായ റമാദ് ഹോട്ടൽ പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ സമവായത്തിലൂടെ പുതിയ കമ്മിറ്റി വരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമവായ സാധ്യത മങ്ങിയാൽ തെരഞ്ഞെടുപ്പിന് ഡിസംബറിൽ കളമൊരുങ്ങും. ഒരു പതിറ്റാണ്ടിലധികം കാലം സംഘടനയെ സജീവമാക്കി നിർത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ജനാധിപത്യ രീതിയിൽ കമ്മിറ്റികൾ നിലവിൽ വന്നതാണ് സംഘടനക്ക് ബലം നൽകിയതെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞി കുമ്പളയും ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയും പറഞ്ഞു.

Tags:    
News Summary - OICC prepares for organizational elections in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.