ജിദ്ദ: മുഹറം ഒന്നിന് ആരംഭിക്കുന്ന പുതിയ ഉംറ സീസണിൽ ഒരു കോടി തീർഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ഹാനി അൽഅംറി പറഞ്ഞു. സീസൺ ആരംഭിക്കാനിരിക്കെ ഉംറ സേവനങ്ങൾക്കായി സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ ഏജൻറുമാരുടെയും പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. രാജ്യത്തിനകത്ത് 500-ലധികം ഉംറ സർവിസ് കമ്പനികൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും.
പരിശീലനം നേടിയ സ്വദേശികളാണ് ഇതിനായുണ്ടാവുക. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നൽകിയ 2,000ത്തിലധികം ഏജൻറുമാരുമുണ്ട്. സംഘങ്ങളായും വ്യക്തികളായും വരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് അതിന് അനുസൃതമായ പാക്കേജുകൾ തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ പാക്കേജുകൾ തെരഞ്ഞെടുത്ത് വരാൻ ആവശ്യമായ നടപടികൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, അന്തർദേശീയ ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്.
സന്ദർശകർക്കും തീർഥാടകർക്കും സേവനത്തിനായി 68 ലധികം ട്രാൻസ്പോർട്ട് കമ്പനികൾക്ക് ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. താമസ സൗകര്യം ഒരുക്കുന്നതിന് ടൂറിസം മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തരംതിരിച്ചതും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയതുമായ 1,900 ലധികം താമസകേന്ദ്രങ്ങളുണ്ട്. തീർഥാടന പാക്കേജുകൾ നൽകാനും മിനിട്ടുകൾക്കുള്ളിൽ എൻട്രി വിസ നൽകാനുമുള്ള ആധുനിക സാങ്കേതിക വിദ്യയടക്കമുള്ള സംവിധാനമാണ് തീർഥാടനത്തിനായി ഒരുക്കിയിരിക്കുന്നതെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.