സ്വന്തം മണ്ണിൽ അഭയാർഥികളായി മാറിയ ഫലസ്തീൻ ജനതക്ക് ഭാവി ഇന്നൊരു ചോദ്യചിഹ്നമാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പഴയ ഫലസ്തീനിൽ അറബ് മുസ്ലിംകൾ 90 ശതമാനമായിരുന്നു. ബാക്കി 10 ശതമാനം ജൂതരും. പരസ്പരം സൗഹൃദത്തോടും സ്നേഹത്തോടും സമാധാനത്തോടും കഴിഞ്ഞിരുന്ന സമൂഹത്തിനിടയിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലാണ് ഫലസ്തീന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം.
രണ്ടാം ലോകയുദ്ധത്തിന് ശേഷം 1948ൽ പാശ്ചാത്യൻ രാജ്യങ്ങളുടെ പൂർണ പിന്തുണയോടെ ഫലസ്തീനിന്റെ മണ്ണിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് മുതലാണ് പ്രശ്ന കലുഷിതമാകുന്നത്. ഇസ്രായേൽ അന്നു മുതൽ ലക്ഷ്യമിടുന്നത് ഫലസ്തീൻ എന്ന രാജ്യത്തെ ഭൂപടത്തിൽനിന്ന് തന്നെ ഇല്ലാതാക്കുക എന്നതാണ്.
1967 ൽ ഇസ്രയേലിന്റെ നാലാമത്തെ പ്രധാനമന്ത്രി ഗോള്‍ഡാ മെയ്റിനോട് സൺഡേ ടൈംസ് റിപ്പോർട്ടർ ചോദിച്ചു: ‘നിങ്ങൾ അധിനിവേശം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ ബലാൽക്കാരമായി അതിർത്തി വ്യാപിപ്പിച്ചാൽ ഒരു കാലത്ത് ലോകം ചോദിക്കില്ലേ, ഫലസ്തീൻ എന്ന നാട് എവിടെയെന്ന്? ഒരു തരി മണ്ണ് പോലും അവശേഷിപ്പിക്കാതെ ഫലസ്തീൻ സ്വന്തമാക്കാനാണോ പ്ലാൻ?’ അതിന് ഫലസ്തീൻ എന്ന മണ്ണ് തന്നെ ഉണ്ടായിട്ട് വേണ്ടേ ചോദിക്കാൻ എന്നായിരുന്നു മറുപടി.ഇതാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
ഇന്ന് ഭൂപടം എടുത്തുനോക്കിയാൽ ഗസ്സയും വെസ്റ്റ് ബാങ്കും മാത്രമാണ് ഫലസ്തീൻ അതോറിറ്റി എന്ന പേരിൽ കാണുന്നത്. ഗൂഗ്ളും ആപ്പിളും അവരുടെ ഡിജിറ്റൽ മാപ്പുകളിൽനിന്ന് ഫലസ്തീനെ ഒഴിവാക്കിയതിനെ കുറിച്ച് ലോകമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ഫലസ്തീനിൽ ഇസ്രായേൽ കുടിയേറ്റം വർധിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
ഹമാസ് ഇപ്പോൾ ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷ ആക്രമണത്തെ ചിലർ വിമർശിക്കുമ്പോൾ ഗസ്സയിലും വെസ്റ്റ്ബാങ്കിലും കൊല്ലപ്പെട്ട ആയിരത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതിനെതിരെ ചിലർക്കെങ്കിലും പറയാൻ കഴിയാതെ പോകുന്നു എന്നതാണ് ഏറെ ദുഃഖകരം.
സിറിയയും ഈജിപ്തും ചേർന്ന് 1973 ൽ യോംകിപ്പോർ യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് ഇസ്രായേലിന് നേരെ ഹമാസിന്റെ ഇത്തരത്തിലുള്ള അപ്രതീക്ഷ ആക്രമണം. ശക്തമായ സൈന്യവും ഇൻറലിജൻസും ഉണ്ടായിട്ടും ഇസ്രായേൽ ഹമാസിന്റെ മിന്നലാക്രമണത്തിൽ നാണം കെട്ടിരിക്കുകയാണ്.
പിറന്ന നാട്ടില്‍ അന്യരാക്കപ്പെട്ട ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് പിന്തുണനൽകി നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് സമാധാനത്തിനും സന്ധിക്കും വേണ്ടിയുള്ള പ്രേരണയാണ് അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്ന് ഉണ്ടാവേണ്ടത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പോലും കാറ്റിൽ പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് വരെ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിട്ട് 20 ലക്ഷത്തിലേറെ ഫലസ്തീനികൾ ദുരിതം അനുഭവിക്കുമ്പോഴും ഇസ്രായേൽ ഊർജ മന്ത്രി കാട്സ് പറയുന്നത് ഗസ്സ മുനമ്പിൽ ഒരു മാനുഷിക പരിഗണനയുമുണ്ടാകില്ലെന്നാണ്.
ആകാശത്തിന് മറയിടാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ശ്വസിക്കാനുള്ള ഓക്സിജൻ അവിടെ ലഭിക്കുന്നത്. 14 ആശുപത്രി സൗകര്യങ്ങൾക്കുമേൽ ബോംബിട്ടു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇതുവരെ അഞ്ഞൂറിലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.
മനുഷ്യത്വരഹിതമായ ഇത്തരം ക്രൂരതകൾ ഇസ്രായേൽ ഫലസ്തീൻ ജനതക്ക് നേരെ അഴിച്ചു വിട്ടുകൊണ്ടിരിക്കുമ്പോൾ ലോക മനസ്സാക്ഷിയുടെ നൊമ്പരമായി വീണ്ടും ഫലസ്തീൻ ചർച്ചചെയ്യപ്പെടുകയാണ്. ഇരകൾക്ക് വേണ്ടി ശബ്ദിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യേണ്ടതിനു പകരം ഇന്ത്യയുടെ പാരമ്പര്യത്തെ മറികടന്ന് പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണ നൽകുന്നത് അക്രമിയെ സഹായിക്കുന്നതിന് തുല്യമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന് ജനതക്കൊപ്പം നിലയുറപ്പിക്കാൻ ആഹ്വാനം ചെയ്ത ചരിത്രമാണുള്ളത്.
ഇന്ത്യയുടെ മുൻ പ്രധാന മന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധിയുടെയും അടൽ ബിഹാരി വാജ്പേയിയുടെയും കാലങ്ങളിലും ഇന്ത്യ ഫലസ്തീനോടൊപ്പമായിരുന്നു. 1988 ൽ ഫലസ്തീൻ രാഷ്ട്രത്തിനു വേണ്ടി പി.എൽ.ഒ നേതാവ് യാസിർ അറഫാത്ത് ശബ്ദിച്ചപ്പോൾ അതിനെ പിന്തുണച്ച ആദ്യത്തെ അറബിതര രാജ്യം ഇന്ത്യയായിരുന്നു.
ഫലസ്തീൻ ജനതയുടെ സ്വതന്ത്ര പോരാട്ടത്തിന്റെ മുന്നിൽ നിന്ന യാസിർ അറഫാത്തിന് 1988 ൽ ജവഹർലാൽ നെഹ്റു അവാർഡ് നൽകി ആദരിച്ച പാരമ്പര്യവും ഇന്ത്യക്കുണ്ട്.
മാത്രമല്ല നമുക്ക് ഈ സമയത്തും ഓർക്കാനുള്ളത് ഇന്ത്യയുടെ മുൻ വിദേശകാര്യ സഹമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യ നേതാവും കൂടിയായിരുന്ന ഇ. അഹമ്മദ് സ്വജീവൻ തൃണവത്ഗണിച്ച് കൊണ്ട് ഫലസ്തീന്റെ മണ്ണിലേക്ക് പറന്നിറങ്ങി 120 കോടി ഇന്ത്യൻ ജനതയുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിക്കുകയും ഐക്യരാഷ്ട്ര സഭയിൽ പോയി ഫലസ്തീൻ എന്ന രാജ്യത്തിനു വേണ്ടി ശബ്ദിക്കുകയും ചെയ്തത് മറക്കാനാവാത്ത ചരിത്രമായി നമ്മുടെ മുന്നിലുണ്ട്. ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ലോകമനസ്സാക്ഷിയുള്ള എല്ലാവരും എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.