ജിദ്ദ: റസ്റ്റാറൻറുകൾ ഉൾപ്പെടെ ചില മേഖലകൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീട്ടേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. ഇതുപ്രകാരം റസ്റ്റാറൻറ്, കഫേ തുടങ്ങിയവയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. സിനിമാശാല, റസ്റ്റാറൻറ്, ഷോപ്പിങ് മാൾ എന്നിവയിലുള്ള വിനോദ, കായിക കേന്ദ്രങ്ങൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കാം. ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ചില മേഖലകൾക്കുള്ള നിയന്ത്രണങ്ങൾ തുടരും. മണ്ഡപത്തിലോ ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ ഇസ്തിറാഹകളിലോ നടക്കുന്ന പരിപാടികൾ, പാർട്ടികൾ, കല്യാണങ്ങൾ, കോർപറേറ്റ് മീറ്റിങ്ങുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ തുടരും.
സാമൂഹിക പരിപാടികളിൽ ആളുകളുടെ എണ്ണം 20ൽ പരിമിതപ്പെടുത്തിയ തീരുമാനവും തുടരും. ഖബറടക്ക ചടങ്ങുകളിൽ നേരേത്ത ഉണ്ടായിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല. ഖബറടക്ക ചടങ്ങിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതിനായി മുഴുസമയവും ഖബറടക്കത്തിനും ആളുകൾക്ക് നമസ്കരിക്കാനും സൗകര്യമൊരുക്കുക, ജനാസ നമസ്കാരത്തിന് കൃത്യമായ സ്ഥലം വേർതിരിക്കുക, ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോൾ ഇരു ഖബറുകൾ തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും ഉണ്ടായിരിക്കുക, ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെല്ലാം അതേപടി നിലനിൽക്കും.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞ മാസം മൂന്നു മുതലാണ് ചില മേഖലകളിൽ ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.സൗദിയിലേക്ക് വരുന്നതിന് വിവിധ രാജ്യങ്ങൾക്കുള്ള യാത്രവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പിൽ ഒന്നും പറയുന്നില്ല. മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇത് ഉറപ്പുവരുത്താൻ പരിശോധന വർധിപ്പിക്കും. നിയമലംഘകർക്ക് പിഴയുണ്ടാകും. തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലിന് വിധേയമാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ജിദ്ദ: റസ്റ്റാറൻറുകളിലും കഫേകളിലും സാമൂഹിക അകലം പാലിക്കാൻ അധികൃതരുടെ കർശന നിർദേശം. കോവിഡ് വ്യാപനം തടയാൻ നേരേത്ത ഏർപ്പെടുത്തിയ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഞായറാഴ്ച മുതൽ റസ്റ്റാറൻറുകളും കഫേകളുമുൾപ്പെടെ ചില മേഖലകളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാമൂഹിക അകലം പാലിക്കൽ തുടരേണ്ടതിെൻറ ആവശ്യകത മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയം ഉൗന്നിപ്പറഞ്ഞത്.
പ്രധാനപ്പെട്ടവ റസ്റ്റാറൻറുകളിൽ ഒാർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചിരിക്കണം. കാത്തിരിപ്പ് വേളയിൽ ആളുകൾക്കിടയിൽ ഒന്നര മീറ്റർ അകലമുണ്ടായിരിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ ഒരു വ്യക്തിയായി കണക്കാക്കണം. റസ്റ്റാറൻറുകളിലെയും കഫേകളിലേയും പ്രവേശന കവാടങ്ങളിൽ ഉപഭോക്താക്കൾ കൂട്ടമായി നിൽക്കുന്നത് തടയണം.
വെയിറ്റിങ് ലിസ്റ്റിലുള്ളവരെ കൈകാര്യം ചെയ്യുന്നതിനു വേണ്ട സംവിധാനം ഏർപ്പെടുത്തണം. ഇ-ആപ്ലിക്കേഷൻ അല്ലെങ്കിൽ ഫോൺ വഴി നേരേത്ത ബുക്കിങ് സ്വീകരിച്ച് തിരക്ക് തടയാം. റസ്റ്റാറൻറിനുള്ളിൽ പാർസൽ സ്വീകരിക്കാനോ തീൻമേശയിലെ ഇരിപ്പിടത്തിനോ ആളുകൾ കാത്തുനിൽക്കുന്നത് തടയണം. പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കണം. മൂന്നു മീറ്റർ അകലം പാലിക്കാൻ കഴിയുന്നില്ലെങ്കിൽ റസ്റ്റാറൻറിനുള്ളിൽ ഭക്ഷണം നൽകരുത്. ഒരു തീൻമേശയിൽ കൂടുതൽ സംഘങ്ങൾ ഇരിക്കുന്നതൊഴിവാക്കണം. ഒരു കുടുംബത്തിൽ നിന്നുള്ളവരോ സ്നേഹിതന്മാരോ ആണെങ്കിൽ മേശയിലെ ആളുകളുടെ എണ്ണം അഞ്ചിൽ കൂടരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രോേട്ടാകോൾ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.
റസ്റ്റാറൻറിലെയും കഫേയുടെയും എല്ലാ ഭാഗങ്ങളിലും സി.സി.ടി.വി നിരീക്ഷണ കാമറകൾ വേണം. ഉപഭോക്താക്കൾ റസ്റ്റാറൻറിലേക്കോ കഫേയിലേക്കോ പ്രവേശിക്കുന്നതിനു മുമ്പ് താപനില പരിശോധിക്കണം. ഉയർന്ന താപനിലയോ ശ്വാസതടസ്സ ലക്ഷണങ്ങളോ ഉള്ളവരെ അകത്ത് കടക്കുന്നതിൽനിന്ന് തടയണം.അകത്ത് സേവനത്തിലേർപ്പെടുന്നവർക്ക് ഇൻഫ്ലുവൻസക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ ഭേദമാകുന്നതുവരെ ജോലിയിൽനിന്ന് തടയണം തുടങ്ങിയവ മുനിസിപ്പൽ ഗ്രാമ മന്ത്രാലയം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ജിദ്ദ: കോവിഡ് വ്യാപനം തടയാൻ നിശ്ചയിച്ച പ്രോേട്ടാകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു അലംഭാവവുമുണ്ടാകില്ലെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ചില പ്രവർത്തന മേഖലകൾക്ക് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിൽ മാർച്ച് ഏഴുമുതൽ ഇളവു നൽകിയുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം വന്ന ശേഷം ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.
സമൂഹത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധന കർശനമാക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിലൂടെ സമൂഹത്തിൽ സുരക്ഷ കൈവരിക്കാനും കോവിഡിനെ അതിജയിക്കാനും സാധിക്കും. പൗരന്മാരുടെയും താമസക്കാരുടെയും സഹകരണവും സൗദിയുടെ താൽപര്യം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുമാണ് കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ചില പ്രവർത്തന മേഖലകൾക്ക് നിശ്ചയിച്ച അധിക നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.