അൽ ഖോബാർ: ഉപയോഗിച്ച വാഹനങ്ങളുടെ വിൽപനാനന്തര വാറ്റ് ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുമെന്ന് സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. മൊത്തം വിൽപനമൂല്യം കണക്കിലെടുക്കാതെയുള്ള പുതിയ നിയമം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
അംഗീകൃത യൂസ്ഡ് കാറുകളുടെ വാറ്റ് മൂല്യം കുറക്കാനുള്ള അതോറിറ്റിയുടെ ശ്രമമായാണ് ലാഭമാർജിൻ രീതിയനുസരിച്ച് നികുതി കണക്കാക്കുന്നതെന്ന് അതോറിറ്റി വെളിപ്പെടുത്തി.
വാറ്റ് ആവശ്യങ്ങൾക്കായി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർ ഏജൻസികൾക്കും ഷോറൂമുകൾക്കും നിർദിഷ്ട വ്യവസ്ഥകൾക്ക് അനുസൃതമായി കാർ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ലാഭമാർജിൻ രീതി ബാധകമാണ്. ഇതിന്റെയടിസ്ഥാനത്തിൽ വാറ്റ് കണക്കാക്കുന്നതിന് ചില നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
കാറിനെ അതോറിറ്റി സാക്ഷ്യപ്പെടുത്തിയ യൂസ്ഡ് കാറായി തരംതിരിച്ചിരിക്കണം എന്നതാണ് പ്രധാനം. കൂടാതെ വാഹനം രാജ്യത്ത് ഉണ്ടായിരിക്കുകയും മുമ്പ് ഉപയോഗിക്കുകയും വേണം. വിൽപനക്കാരൻ വാറ്റ് ആവശ്യങ്ങൾക്കായി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.
വാഹന വ്യാപാര പ്രവർത്തനത്തിൽ ഏർപ്പെടാൻ ലൈസൻസുണ്ടായിരിക്കണം. കൂടാതെ അംഗീകൃത യൂസ്ഡ് കാറുകളിൽ ലാഭമാർജിൻ രീതി ഉപയോഗിക്കുന്നതിന്, ലൈസൻസുള്ള ഡീലർ അതോറിറ്റിയുടെ അംഗീകാരം നേടിയിരിക്കണം എന്നതും നിബന്ധനകളിലും വ്യവസ്ഥകളിലും ഉൾപ്പെടുന്നു.
ഇതുപ്രകാരം മൊത്തം കാർവിൽപന മൂല്യത്തിൽ വാറ്റ് ഈടാക്കുന്നതിനുപകരം ലാഭത്തിന്റെ അടിസ്ഥാനത്തിൽ വാങ്ങുന്ന വിലയും വിൽക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തിൽ വാറ്റ് ചുമത്തും.
എന്തെങ്കിലും സംശയങ്ങളുള്ള ഉപഭോക്താക്കളോട്, ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കാൾ സെന്റർ നമ്പർ (19993) വഴിയോ അല്ലെങ്കിൽ ട്വിറ്ററിലെ "Ask Zakat, Tax and Customs" അക്കൗണ്ട് വഴിയോ ബന്ധപ്പെടാൻ അതോറിറ്റി ആവശ്യപ്പെട്ടു. (@Zatca_Care) അല്ലെങ്കിൽ ഇ-മെയിൽ വഴിയോ (info@zatca.gov.sa) അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് (zatca.gov.sa) വഴിയുള്ള തൽക്ഷണ സംഭാഷണങ്ങളിലൂടെയോ സംശയ നിവാരണം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.