ജിദ്ദ: ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്കായി പ്രവാസി പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. ജിദ്ദയിലെ ആലുവ കൂട്ടായ്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വിഡിയോ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപനത്താല്‍ പ്രവാസി സമൂഹം ഒന്നാകെ ആശങ്കയിലും പ്രയാസത്തിലുമാണ് കഴിയുന്നതെന്നും പല സന്നദ്ധ സംഘടനകളും സഹായത്തിനും ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുന്നതിനും മറ്റുമായി രംഗത്തുണ്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും പലരുടെയും പ്രയാസങ്ങള്‍ വര്‍ധിക്കുകയാണെന്നും കൂട്ടായ്മ അംഗങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.
മടങ്ങിവരുന്നവരുടെ മക്കളുടെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ക്കുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന ആവശ്യങ്ങളും സംവാദത്തിൽ ഉയർന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വളരെ നേരത്തേതന്നെ കത്തയക്കുകയും സമ്മര്‍ദം ചെലുത്താവുന്നിടങ്ങളിലെല്ലാം സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അതിപ്പോഴും തുടരുകയാണെന്നും അന്‍വര്‍ സാദത്ത് മറുപടിയായി പറഞ്ഞു. തിരിച്ചു വരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറൻറീന് സൗകര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കി വരുകയാണെന്നും എം.എല്‍.എ അറിയിച്ചു. പ്രസിഡൻറ് മുഹമ്മദ് ഷാ ആലുവ അധ്യക്ഷതവഹിച്ചു. രക്ഷാധികാരികളായ പി.എം. മായിന്‍കുട്ടി, സെയ്ദ് മുഹമ്മദ്, അബ്ദുല്‍ റഷീദ്, കോഒാഡിനേറ്റര്‍ സുബൈര്‍ മുട്ടം, ഡോ. സിയാവുദ്ദീന്, സമദ് വെളിയത്തുനാട്, സുബൈര്‍ പാനായിക്കുളം, റസാഖ് എടവനക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ തോട്ടുംമുഖം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.